പാലോട്: കേരളത്തിൽ കറുത്ത പൊന്നിനോടുള്ള പ്രിയം കൂട്ടാൻ കുറ്റിക്കുരുമുളക് കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ് പാലോട് തോട്ടവിള ഗവേഷണ കേന്ദ്രം. വലിയ തോതിൽ കുരുമുളക് കൃഷി ചെയ്തിരുന്ന കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞതോടെ എല്ലാ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കുകയെന്നത് അത്യാവശ്യമായിരുന്നു. ഇതോടെയാണ് പദ്ധതി ആരംഭിച്ചത്.
ഒരു കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തിയത് ഈ കുരുമുളക് കൃഷിയായിരുന്നു. കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും മാറിയതോടെ കേരളത്തിലെ കുരുമുളകു കൃഷിയിലും മാറ്റം വന്നു. തോട്ടവിളകളിൽ നിന്ന് കുറ്റിക്കുരുമുളക് കൃഷി വൻ തോതിൽ വ്യാപിച്ചു.
വീട്ടുകാർക്ക് വേണ്ടുന്ന കുരുമുളക് വീട്ടിൽതന്നെ ഉത്പാദിപ്പിക്കാൻ തുടങ്ങി.
ഇത്തരത്തിൽ വീടുകൾ, ഫ്ലാറ്റ്, ഓഫീസുകൾ എന്നിവിടങ്ങളെല്ലാം ചട്ടികളിൽ വളർത്താവുന്ന ബുഷ് പെപ്പർ/ കുറ്റിക്കുരുമുളക് അഥവാ പാലോട് 2 എന്ന ഒരിനം കുരുമുളകിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പാലോട് തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ. ഐ ) .
ഉത്പാദനശേഷിയിൽ ഹെക്ടറിൽ ശരാശരി 2475 കിലോ, മുതൽ പരമാവധി 4731 കിലോ വരെ ഉണക്ക കുരുമുളക് ലഭിക്കാവുന്ന ഇനമാണിത്.
പാലോട് 2
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ പ്രധാനമായും കാണപ്പെടുന്ന കൊറ്റനാടൻ എന്ന നാടൻ കുരുമുളക് ഇനത്തിൽ നിന്നും ക്ലോണൽ സെലക്ഷൻ വഴിയാണ്' പാലോട് 2' എന്നയിനം ഉരുത്തിരിഞ്ഞത്. മികച്ച പന്നിയൂർ ഇനങ്ങളെ അനുസ്മരിക്കുംവിധം മുഴുത്ത മണി വലിപ്പവും,തിങ്ങിനിറഞ്ഞ മണിപിടിത്തവും,നല്ല തൂക്കവും,നല്ലക്വാളിറ്റി വിളവും,ഉയർന്ന ഒലിയോറെസിൻ അളവും എടുത്തുപറയുന്ന മേന്മ തന്നെയാണ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഏക കുരുമുളക് ഇനമാണ് പാലോട് 2 (പി.എൽ.ഡി2). ഓവേറ്റ് ആകൃതിയിലുള്ള ഇലകളും,8 സെ.മി. ലഭിക്കുന്ന തിരി നീളവും അതിൽത്തന്നെ 94.1ശതമാനം ദ്വിലിംഗ പുഷ്പങ്ങളും ശരാശരി ഒരു വള്ളിയിൽ നിന്നും 4.97 കിലോഗ്രാം പച്ചകുരുമുളക് ലഭിക്കും.
വിളവെടുപ്പ് കാലം വൈകി മൂപ്പെത്തുന്ന 'പാലോട് 2' എന്നയിനം ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാനും പൊതുവായ കുരുമുളക് കൃഷിയിടങ്ങൾ യോജിച്ചതാണെങ്കിലും പ്രധാനമായും തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ കൂടുതൽ വിളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |