കോഴിക്കോട്: തെരുവുനായ്ക്കൾ ഓടിയടുത്താൽ കല്ലെടുത്തെറിയണോ .. ഓടി രക്ഷപ്പെടണോ?. ഇനി രണ്ടും വേണ്ട, അരീക്കോട് വടശ്ശേരി ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിഷേകും നിഹാലും സാദിൻ മുഹമ്മദ് സുബൈറും ചേർന്ന് കണ്ടെത്തിയ 'ഇലക്ട്രോണിക് വടി'യുണ്ടെങ്കിൽ ഇനി തെരുവുനായ്ക്കൾ ഓടെടാ ഓടും. ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂൾ ഇന്നൊവേഷൻ മാരത്തണിൽ ഇവരുടെ 'ഇലക്ട്രോണിക് വടി' എന്ന ആശയത്തിന് ദേശീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ചേളന്നൂർ സ്വദേശി കെ. പ്രഗിത്തിന്റെ കീഴിലായിരുന്നു ഈ കുട്ടി ശാസ്ത്രജ്ഞരുടെ ഗവേഷണം. ഒരുലക്ഷത്തിലധികം കുട്ടികളുടെ ആശയത്തിൽ നിന്ന് 27 എണ്ണമാണ് ദേശീയതലത്തിൽ അംഗീകാരം നേടിയത്. കേരളത്തെ പ്രതിനിധീകരിച്ച ഏക സർക്കാർ സ്കൂളും ഇവരുടേതായിരുന്നു. ദേശീയ അംഗീകാരം ലഭിച്ചതോടെ 50 ,000 രൂപയുടെ സ്‌കോളർഷിപ്പ് ലഭിക്കും. ഇലക്ട്രോണിക് വടിയുടെ പ്രോട്ടോടൈപ്പ് നിർമാണത്തിനും പേറ്റന്റ് സമർപ്പണത്തിനും സംരംഭകത്വത്തിനുമുള്ള സാമ്പത്തിക സഹായവും ലഭിക്കും.
പ്രവർത്തനം ഇങ്ങനെ
ഇലക്ട്രോണിക് സർക്യൂട്ട് ഘടിപ്പിച്ച വടിയിൽ നിന്ന് അൾട്രാസോണിക് ശബ്ദം പുറത്തുവരും. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ഈ ശബ്ദം മൃഗങ്ങൾ തിരിച്ചറിയും. ഇത് തെരുവുനായ്ക്കൾക്ക് അരോചകമാകും. വടിയിലൂടെ ചെറിയ ഇലക്ട്രിക് ഷോക്കും കട്ടിയുള്ള ലൈറ്റും മൃഗങ്ങൾക്ക് അരോചകമായ ഗന്ധവും പുറപ്പെടുവിച്ച് പ്രതിരോധിക്കുകയാണ് ഇലട്രോണിക് വടിയുടെ പ്രവർത്തന രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |