ന്യൂഡൽഹി: ഡൽഹി-എൻ.സി.ആർ മേഖലയിലെ തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ രൂക്ഷവിമർശനവുമായി മേനകാ ഗാന്ധി. കോടതിയുടെ ഉത്തരവ് അപ്രായോഗികമാണെന്നും ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും മുൻ കേന്ദ്ര മന്ത്രിയും മൃഗവകാശപ്രവർത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധി അഭിപ്രായപ്പെട്ടു.
ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്ന് എല്ലാ തെരുവുനായകളെയും ഉടൻ നീക്കം ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. ഒറ്റയടിക്ക് നായകളെ നീക്കം ചെയ്യുന്നത് പുതിയ പ്രശ്നങ്ങൾ സൃഷിടിച്ചേക്കുമെന്നാണ് ഇതിന് മറുപടിയായി മേനകാ ഗാന്ധി പറഞ്ഞത്.
'48 മണിക്കൂറിനുള്ളില്‍, ഗാസിയാബാദില്‍നിന്നും ഫരീദാബാദില്‍നിന്നും മൂന്ന് ലക്ഷത്തോളം നായകൾ ഇവിടേക്ക് വരും, കാരണം ഡല്‍ഹിയിൽ ഭക്ഷണമുണ്ട്. നായകളെ നീക്കം ചെയ്തുകഴിഞ്ഞാൽ കുരങ്ങുകൾ റോഡിലിറങ്ങും. എന്റെ സ്വന്തം വീട്ടിൽ സംഭവിച്ചത് ഞാൻ കണ്ടിട്ടുണ്ട്. 1880-കളിൽ പാരീസില്‍ നടന്നത് ഓർമ്മയില്ലേ? നായകളെയും പൂച്ചകളെയും നീക്കം ചെയ്തപ്പോൾ നഗരത്തിൽ എലിശല്യം കൂടുകയും ശുചിത്വത്തിനും ആരോഗ്യത്തിനും വലിയ ഭീഷണിയുണ്ടാകുകയും ചെയ്‌തു ' മേനക പ്രതികരിച്ചു.
'സ്‌ട്രേ ഡോഗ്സ് ആൻഡ് ദി മേക്കിംഗ് ഓഫ് മോഡേൺ പാരീസ്' എന്ന ഗവേഷണ പ്രബന്ധമനുസരിച്ച് 1883ൽ പേവിഷബാധയെ കുറിച്ചുള്ള ആശങ്കകൾ കാരണം നഗരത്തിലെ നായകളെ നിയന്ത്രിക്കാന്‍ ശ്രമം നടന്നു. മാത്രമല്ല നായകൾ അന്നത്തെ പ്രധാന സഞ്ചാരമാർഗമായ കുതിരവണ്ടികൾ വലിക്കുന്ന കുതിരകൾക്ക് നേരെ കുരച്ചുചെല്ലുന്നതും അന്ന് പ്രശ്‌നം സൃഷ്‌ടിച്ചു. തുടർന്ന് നായകളുടെ എണ്ണം കുറഞ്ഞതോടെ എലികൾ വർദ്ധിച്ചു. ഇതോടെ അവമൂലമുള്ള രോഗങ്ങളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |