വർദ്ധന 10-12 ശതമാനം വരെ
ആലപ്പുഴ: സാധാരണക്കാരന്റെ സാമ്പത്തികനില താളം തെറ്റിക്കും വിധം അവശ്യ മരുന്നുകൾക്ക് വില കുതിച്ചുയരുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് 10 മുതൽ 12 ശതമാനം വരെയാണ് വില ഉയരുന്നത്.
മുൻ വർഷത്തേതിനെക്കാൾ 20 ശതമാനം വില വർദ്ധിച്ചുവെന്ന് ഉപഭോക്താക്കൾ പരാതി പറയുന്നതിനിടെയാണ് വീണ്ടും വർദ്ധനവുണ്ടാകുന്നത്. ഒരു വർഷത്തിനിടെ പ്രമേഹം, രക്തസമ്മർദ്ദം, സന്ധിവാതം, കാൻസർ എന്നിവയ്ക്കുള്ള പ്രത്യേക മരുന്നുകളുടെ വിലയാണ് ഏറ്റവും കൂടുതൽ വർദ്ധിച്ചത്. വേദനസംഹാരികൾ, ആന്റി-ഇൻഫെക്റ്റീവ്‌സ്, കാർഡിയാക് മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ ഷെഡ്യൂൾ ചെയ്ത മരുന്നുകൾ അവശ്യ മരുന്നുകളിൽപ്പെടുന്നവയാണ്. അവയുടെ വില നിയന്ത്രിക്കുന്നത് നാഷണൽ ഫാർമസി പ്രൈസിംഗ് അതോറിട്ടിയാണ്. ബാക്കിയുള്ളവയാകട്ടെ വില നിയന്ത്രണത്തിന് പുറത്തുള്ള ഷെഡ്യൂൾ ചെയ്യാത്ത മരുന്നുകളാണ്. ഇവയ്ക്ക് എല്ലാ വർഷവും 10 ശതമാനം വാർഷിക വർദ്ധനവ് നിലവിൽ അനുവദനീയമാണ്. കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സംഭവങ്ങൾ അവശ്യ മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെയും സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും വിതരണത്തെ തടസപ്പെടുത്തിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
ബഡ്ജറ്റ് തകരും
രക്തസമ്മർദ്ദ രോഗികൾക്കുള്ള സിൽനിഡിപിൻ, ടെൽമിസാർട്ടൻ അടങ്ങിയ മരുന്നുകളുടെ 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 16 രൂപ കൂടാൻ സാദ്ധ്യതയുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ, മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡിന്റെ ഒരു സ്ട്രിപ്പിന് 20 രൂപ അധികം നൽകേണ്ടി വരും. ഗ്ലിക്ലാസൈഡ്, മെറ്റ്‌ഫോർമിൻ ഹൈഡ്രോക്ലോറൈഡ് കോംബിനേഷൻ മരുന്നിന്റെ 10 ഗുളികകളുള്ള ഒരു സ്ട്രിപ്പിന് 13 രൂപ കൂടും. നേരത്തെ 19.84 രൂപ വിലയുണ്ടായിരുന്ന ഒ.ആർ.എസിന്റെ ഒരു വലിയ പാക്കറ്റിന് ഇനി 22 രൂപ നൽകണം. ചെറിയ പായ്ക്കറ്റിന് 50 പൈസയാണ് കൂടുന്നത്. വേദന സംഹാര ഗുളികകളുടെ വില കൂടുന്നത് സാരമായി ബാധിക്കും.
ജൻ ഔഷധിയെ ബാധിക്കില്ല
വർദ്ധിച്ച നിരക്ക് ജൻ ഔഷധി മരുന്നുകൾക്ക് ബാധകമല്ലെന്നാണ് ബ്യൂറോ ഒഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ് ഒഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇത് അനേകം കുടുംബങ്ങൾക്ക് ആശ്വാസകരമാണ്.
മറ്റ് എന്തെല്ലാം വേണ്ടെന്ന് വച്ചാലും രോഗികൾക്ക് മരുന്ന് ഒഴിവാക്കാനാവില്ല. അടിക്കടി സംഭവിക്കുന്ന വിലക്കയറ്റം മൂലം പാവപ്പെട്ട രോഗികൾ കഷ്ടപ്പെടുകയാണ്. വിലനിയന്ത്രിക്കാനുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടത്
ചന്ദ്രശേഖരൻ, കുട്ടമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |