ആലപ്പുഴ: താറാവ് വളർത്തലിലെ സർക്കാർ നിരോധനത്തെ തുടർന്ന് ഈ വർഷം ക്രിസ്മസ് സീസണിൽ ആവശ്യത്തിന് താറാവിനെ കിട്ടാനില്ല. ക്രിസ്മസിന്റെ തലേന്നാളായ ഇന്നാണ് ഏറ്റവും കൂടുതൽ താറാവുകൾ വിറ്റുപോകേണ്ടത്. എന്നാൽ ആവശ്യത്തിന് സ്റ്റോക്ക് ഒരു കടകളിലുമില്ല.
താറാവ് ക്ഷാമം മുൻകൂട്ടി കണ്ട് കഴിഞ്ഞ ദിവസം മുതൽ താറാവിറച്ചി വിൽപ്പന സ്റ്റാളുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്ന് താറാവ് വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് നൽകാൻ താറാവുകളുണ്ടാകുമോ എന്ന സംശയത്തിലാണ് കച്ചവടക്കാർ.
ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യത്തിന് താറാവുകളെ ജീവനോടെ വാങ്ങിപ്പോയവരും ഏറെയാണ്. പക്ഷിപ്പനിയെ തുടർന്ന് താറാവുകളുടെ ഉത്പാദനവും കടത്തും നിരോധിച്ചിരുന്നു. പക്ഷിപ്പനി ബാധിക്കാത്ത മേഖലകളിൽ അവശേഷിച്ച താറാവുകളെയാണ് വിപണിയിലെത്തിച്ചതെന്ന് കർഷകർ പറഞ്ഞു.
അപ്പവും, കുരുമുളകരച്ച് തേങ്ങാപ്പാലൊഴിച്ച താറാവുകറിയും ക്രിസ്മസ് വിഭവങ്ങളിൽ പ്രധാനിയാണ്. പ്രതിസന്ധികളുടെ പേരിൽ താറാവിനെ ഒഴിവാക്കാനാവാത്തതിനാലാണ് ദിവസങ്ങൾക്ക് മുമ്പേ ജീവനോടെ തന്നെ താറാവുകളെ കൈക്കലാക്കുന്നതെന്ന് കുട്ടനാട് സ്വദേശി സിറിയക്ക് പറഞ്ഞു. താറാവിനെ കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റ് വിഭവങ്ങളെ കുറിച്ച് ക്രിസ്മസ് നാളിൽ പലരും ചിന്തിക്കൂ.
മിക്ക കടകളിലും സ്റ്റോക്ക് കാലി
300 - 350 രൂപ നിരക്കിൽ വിറ്റിരുന്ന താറാവിന്റെ വില ഇന്നലെ ഒന്നിന് 400രൂപയ്ക്ക് മുകളിലായി
കുട്ടനാടൻ ഇനങ്ങളായ ചാര. ചെമ്പല്ലി ഇനങ്ങളാണ് വിപണിയിലുള്ളത്
കഴിഞ്ഞ സീസണുകളിൽ വിറ്റഴിച്ചതിന്റെ പകുതി താറാവുകളെ പോലും ഇത്തവണ വിറ്റഴിക്കാനാവില്ലെന്ന് കച്ചവടക്കാർ
താറാവുകൾ നിറഞ്ഞ കൂടുകൾ ഒരു കടകളിലും കാണാനില്ല
ഭൂരിഭാഗം കടകളിലും ഇന്നലെ വൈകുന്നേരം തന്നെ സ്റ്റോക്ക് കാലിയായി.
ഒരു താറാവിന്
₹420
മുട്ട ഒന്നിന്
₹12
ഇന്ന് എത്ര ഉപഭോക്താക്കൾക്ക് താറാവ് നൽകാൻ കഴിയുമെന്ന് ഉറപ്പില്ല. സ്റ്റോക്ക് കുറവായതിനാൽ ഭൂരിപക്ഷം പേരും നേരത്തെ വന്ന് താറാവുകളെ വാങ്ങി
- താറാവ് വ്യാപാരി, പള്ളാത്തുരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |