തൃശൂർ: പുല്ലഴിയിലെ ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ് വാതിലുകൾക്ക് കേടുപാട്. കേരള സ്‌റ്റേറ്റ് ഹൗസിംഗ് കോളനിയിലെ സുശീൽകുമാർ എന്നയാളുടെ ഒന്നാം നിലയിലുള്ള ഫ്‌ളാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ പിടികൂടി. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇവർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. പടക്കം പൊട്ടിത്തെറിച്ച് വീട്ടുകാരും മറ്റുള്ളവരും ഉണർന്ന് പുറത്തു വന്നപ്പോഴേക്കും മൂന്നുപേർ അവിടെ നിന്നും ഓടിപ്പോയത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇവിടെ താമസിക്കുന്ന ഒരു ഫ്‌ളാറ്റിലെ കുട്ടികളുമായി വഴക്കുണ്ടായതിനെ തുടർന്ന് പ്രതികാരം തീർക്കാനാണ് ഇവർ പടക്കവുമായെത്തിയതെന്ന് പൊലീസ് പറയുന്നു.
പടക്കമെറിഞ്ഞപ്പോൾ വീട് മാറിപ്പോയതാണത്രേ. പടക്കം പൊട്ടിത്തെറിച്ചതോടെ പാൽ വാങ്ങാനായി വീട്ടുകാർ വച്ച കുപ്പിയും പൊട്ടിത്തെറിച്ചു. ഇതോടെയാണ് വലിയ ശബ്ദമുണ്ടായത്. പുതുവർഷത്തലേന്ന് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് രാത്രി പരിശോധന വ്യാപകമാക്കിയിട്ടും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുകയാണ്. രാത്രിയിൽ പല കേന്ദ്രങ്ങളിലായാണ് ഇത്തരം സംഘങ്ങൾ കൂടുന്നത്. പൊലീസിന്റെ വരവ് മനസിലാക്കിയാണ് ഇവരുടെ നീക്കങ്ങളെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |