ആലപ്പുഴ : കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ വ്യാപകമാകുന്ന കീടബാധ രണ്ടാംകൃഷിയുടെ നെല്ലുൽപ്പാദനത്തിൽ കുറവ് വരുത്താനിടയാക്കുമെന്ന് ആശങ്ക. നെല്ലിന്റെ വില കൂട്ടാൻ സർക്കാർ തയ്യാറാകാതിരിക്കെ കാലാവസ്ഥാവ്യതിയാനവും വേലിയേറ്റവും സൃഷ്ടിക്കുന്ന വിളനാശത്തിന് പുറമേ കീടരോഗ ബാധ കൂടി വ്യാപകമാകുന്നത് നെൽച്ചെടികളുടെ വളർച്ചയ്ക്കൊപ്പം ഉൽപ്പാദന തകർച്ചയ്ക്കും കാരണമാകുമെന്നതാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്.
കീടസാന്നിദ്ധ്യം നിയന്ത്രിക്കാൻ കീടരോഗ നിയന്ത്രണ വിഭാഗം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും കീടനാശിനി പ്രയോഗത്തിനാവശ്യമായ പണം പോലും പല കർഷകരുടെയും പക്കലില്ല. തുലാമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും പാടത്തിന്റെ ബണ്ടുകൾ തകരാറിലാക്കിയ സ്ഥലങ്ങളിൽ മട വീഴ്ച തടയാൻ തന്നെ ധാരാളം പണം ഇതിനോടകം പല പാടശേഖരസമിതികളും ചെലവഴിച്ചുകഴിഞ്ഞു.
45 ദിവസം വരെ പ്രായമായ ചെടികളിൽ തരിരൂപത്തിലുള്ള കീടനാശിനികൾ മണ്ണിൽ വളത്തോടൊപ്പമോ, ജൈവ വളങ്ങളോടൊപ്പമോ ചേർത്തുകൊടുക്കാം. 45 ദിവസത്തിന് മുകളിൽ പ്രായമായ ചെടികളിൽ, കീടനാശിനി പ്രയോഗം ആവശ്യമാണെങ്കിൽ തളിപ്രയോഗം നടത്തണം. കീടനാശിനികൾ തളിക്കുമ്പോൾ മിത്ര പ്രാണികൾക്കു നാശമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ചില കീടനാശിനികൾ മുഞ്ഞയുടെ വംശവർദ്ധനവിനും കാരണമാകും.
തണ്ടുതുരപ്പനും ഓലചുരുട്ടിയും
രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ വിതച്ച് 20 ദിവസം മുതൽ 90 ദിവസം വരെ പ്രായമായ ചെടികളിലാണ് കീടബാധ
ഓലചുരുട്ടി, തണ്ടുതുരപ്പൻ ശലഭങ്ങളുടെ സാന്നിദ്ധ്യമാണ് നെൽച്ചെടികളിൽ കണ്ടെത്തിയിട്ടുള്ളത്
37 പാടശേഖരങ്ങളിലായി 190 ഹെക്‌ടറിൽ കീടസാന്നിധ്യം കണ്ടെത്തി. 60 ഹെക്ടറിലാണ് ഏറ്റവും രൂക്ഷം
ശലഭങ്ങളെ കൂടുതലായി കണ്ടാൽ 7-10 ദിവസങ്ങൾക്കുള്ളിൽ പുഴുക്കൾ വരാം
പുഴുക്കളെ കണ്ട് തുടങ്ങിയാൽ മാത്രമേ കീടനാശിനി പ്രയോഗം ഫലപ്രദമാകൂ.
കൂനിൽമേൽക്കുരുവെന്ന നിലയിലാണ് കുട്ടനാട്ടിലെ കീടബാധ. മടവീഴ്ചയും തുലാമഴയും ഭീഷണിയായിരിക്കെ കീടബാധ വ്യാപിച്ചാൽ ഉൽപ്പാദനം കുറയാനും കർഷകർക്ക് നഷ്ടത്തിനും കാരണമാകും
- ലാലിച്ചൻ പള്ളിവാതുക്കൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |