
തലയോലപ്പറമ്പ് : മോഷ്ടിച്ച ബൈക്കിലെത്തി സ്‌കൂട്ടർ യാത്രികയുടെ താലിമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. മൂവാറ്റുപുഴ മണീട് എഴക്കരനാട് ശാസ്തമോളേൽ രാജേഷ് (40) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ തലപ്പാറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. കല്ലറ സ്വദേശിയായ യുവതിയുടെ മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. വടകര ഭാഗത്ത് നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ പിന്നാല പൾസർ ബൈക്കിലാണ് പ്രതി എത്തിയത്. ബൈക്ക് കടന്നുപോകുന്നതിനായി സ്‌കൂട്ടർ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ യുവതിയുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവ് കടന്ന് കളഞ്ഞു. കുന്നത്തുനാട് നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച ഉച്ചയോടെ രാമമംഗലം മേതിപ്പാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |