അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിത്യഅന്നദാനം നിർത്തലാക്കിയിട്ട്
മാസങ്ങളായിട്ടും ഇതിനായുള്ള കാണിക്കവഞ്ചി മാറ്റാതെ ദേവസ്വം ബോർഡ്. നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് നാലു മാസം മുമ്പ് ക്ഷേത്രത്തിലെ ഉച്ചയ്ക്കുള്ള അന്നദാനം നിർത്തലാക്കിയത്. ശബരിമല,നിലയ്ക്കൽ,എരുമേലി, പമ്പ എന്നിവിടങ്ങളിൽ മാത്രം അന്നദാനം മതിയെന്ന നിലപാടിലായിരുന്നു ദേവസ്വം ബോർഡ്. എന്നാൽ, അന്നദാനത്തിനുള്ള കാണിക്ക വഞ്ചി അവിടെത്തനെയുണ്ട്. ഷേത്രത്തിലെത്തുന്ന ഭക്തർ ഇതൊന്നുമറിയാതെ ഇപ്പോഴും ഈ വഞ്ചിയിൽ കാണിക്കയിടുന്നുമുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള അന്നദാനപ്പുരയിലാണ് കഴിഞ്ഞ ഇരുപതു വർഷമായി ഭക്തർക്ക് ഉച്ചയ്ക്ക് സൗജന്യമായി ഭക്ഷണം നൽകി വന്നിരുന്നത്. കൊവിഡ് കാലത്ത് മുടങ്ങിയെങ്കിലും ഭക്തരുടെ നിരന്തര ആവശ്യത്തെ തുടർന്ന് പിന്നീട് പുനരാരംഭിച്ചു. ഞായർ,വ്യാഴം എന്നീ ദിവസങ്ങളിൽ നൂറു പേർക്കും മറ്റ് ദിവസങ്ങളിൽ 50 പേർക്കുമാണ് അന്നദാനം നൽകി വന്നിരുന്നത്. ഇതിനായി അന്നദാനസംഭാവന എന്ന പേരിൽ ഭക്തരിൽ നിന്ന് ഒരാൾക്ക് 30 രൂപ എന്ന കണക്കിൽ ഈടാക്കിയിരുന്നു. ഇതിൽ 12 രൂപ ദേവസ്വം എടുത്ത ശേഷം ബാക്കി 18 രൂപ അന്നദാന കരാറുകാരന് നൽകുകയായിരുന്നു പതിവ്.
ഒരു ദിവസം 5000 പേർക്ക് അന്നദാനത്തിനായി ഏതെങ്കിലുമൊരു ഭക്തർ പണം അടച്ചാലും ദേവസ്വം ബോർഡ് നിശ്ചയിച്ച 50 പേർക്ക് മാത്രമാണ് അന്നദാനം നൽകിയിരുന്നത് എന്നതാണ് മറ്റൊരുകാര്യം. അന്ന ദാന കാണിക്ക ഇനത്തിലും നല്ലൊരു തുക ഭക്തരിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിക്കുന്നുണ്ട്. എന്നിട്ടും ലാഭമില്ലെന്ന കാരണം പറഞ്ഞ് അന്നദാനം നിർത്തലാക്കിയതിൽ ഭക്തർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |