മുല്ലയ്ക്കൽ ബാലകൃഷ്ണന് വിട
ആലപ്പുഴ : അഴകും അളവും ഒരുപോലെ ഒത്തിണങ്ങിയ ബാലകൃഷ്ണൻ എന്ന കൊമ്പൻ മുല്ലയ്ക്കൽ ക്ഷേത്രത്തിന്റെ മാത്രമല്ല ആലപ്പുഴയുടെ തന്നെ തലപ്പൊക്കമായിരുന്നു. ഇടയ്ക്കിടയ്ക്ക് അക്രമകാരിയാകുമായിരുന്നെങ്കിലും ഹൃദയത്തിൽ തൊട്ട സ്നേഹമായിരുന്നു ബാലകൃഷ്ണനോട് എന്നും എല്ലാവർക്കും.
സംസ്ഥാനത്തെ തലയെടുപ്പുള്ള ആനകളിൽ മുൻപന്തിയിലായിരുന്നു ബാലകൃഷ്ണൻ. ആനപ്രേമികളുടെ മനംമയക്കുന്ന ലക്ഷണത്തിളക്കങ്ങളെല്ലാം സുന്ദരമായി ഇഴപിരിയുന്ന സഹ്യപുത്രനെന്ന വിശേഷണമാണ് അവനുണ്ടായിരുന്നത്. മുല്ലയ്ക്കലും തകഴിയും അമ്പലപ്പുഴയും തുറവൂരും വൈക്കവും ഉൾപ്പടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ അനിവാര്യ സാന്നിദ്ധ്യം.
ഇന്നലെ രാവിലെ ബാലകൃഷ്ണന്റെ വിയോഗ വാർത്ത പ്രചരിച്ചപ്പോൾ മുതൽ നൂറുകണക്കിനാളുകളാണ് മുല്ലയ്ക്കൽ ക്ഷേത്ര മുറ്റത്തേക്ക് ഇരച്ചെത്തിയത്. പലരും വാവിട്ട് നിലവിളിച്ചു. സങ്കടം സഹിക്കാനാവാതെ തളർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒന്നാം പാപ്പാൻ കെ.എസ്.അനിൽകുമാറിനെ (മധു) ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കി. ബാലകൃഷ്ണനെ പാർപ്പിച്ചിരുന്ന ഷെഡ്ഡിനോട് ചേർന്നുള്ള വീടുകളിലെ അംഗങ്ങൾ കുടുംബസമേതമെത്തി പൊട്ടിക്കരഞ്ഞാണ് ആദരാഞ്ജലി അർപ്പിച്ചത്. എല്ലാ ദിവസവും അവന്റെ അനക്കവും ശബ്ദവും കേട്ടിരുന്ന തങ്ങൾക്ക് വിയോഗവാർത്ത സഹിക്കാനാവുന്നില്ലെന്ന് അയൽവീട്ടിലെ വീട്ടമ്മ സിനി വിതുമ്പലോടെ പറഞ്ഞു. ഭർത്താവ് അച്ചൻ കുഞ്ഞ് രാത്രി വൈകിയെത്തിയാൽ പോലും ബാലകൃഷ്ണനായി രണ്ട് ഏത്തപ്പഴം കൈയിൽ കരുതുമായിരുന്നു. മക്കളോടുള്ള കരുതലോടെയാണ് അയൽവാസികളും ആനപ്രേമികളും ആരാധകരും ബാലകൃഷ്ണനെ കണ്ടിരുന്നത്.
തൃശൂരിലല്ല മുല്ലയ്ക്കലിലായിരുന്നു
ബാലകൃഷ്ണന് പൂരം
പാറമേക്കാവിലമ്മയുടെ തിടമ്പ് വഹിച്ച് തൃശൂർ പൂരത്തിന് നെടുനായകത്വം വഹിക്കുമെന്ന് കരുതപ്പെട്ടിരുന്ന ബാലകൃഷ്ണൻ ആകസ്മികമായാണ് ആലപ്പുഴക്കാരനായി മാറിയത്. തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ 1988 ഏപ്രിൽ മാസം 23 ന് നടയ്ക്കിരുത്തപ്പെട്ട ആനയാണ് ബാലകൃഷ്ണൻ. കോടനാട് കൂട്ടിൽ നിന്നും ലേലത്തിൽ പിടിച്ച കുട്ടിക്കൊമ്പനെ തൃശൂർ കിഴക്ക് വീട്ടിൽ ട്രസ്റ്റിന്റെ പ്രധാനിയായിരുന്ന ബാലകൃഷ്ണമേനോനാണ് പാറമേക്കാവിൽ നടയ്ക്കിരുത്തിയത്. നന്നേ ചെറുപ്പത്തിൽ തന്നെ തൃഷൂർ റൗണ്ടിലെ ഒരു മെഡിക്കൽ ഷോപ്പ് ബാലകൃഷ്ണൻ തവിടുപൊടിയാക്കി. കുറുമ്പ് കൂടിയതോടെ ആനയെ വിൽക്കാൻ തീരുമാനിച്ച സമയത്താണ് മുല്ലയ്ക്കൽ ക്ഷേത്രം ബാലകൃഷ്ണനെ സ്വന്തമാക്കിയത്. 1987 ജൂലായ് 6 മുതൽ ആഗസ്റ്റ് 16 വരെ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നടത്തപ്പെട്ട മൂന്നാമത് കോടി അർച്ചനാ മഹായജ്ഞത്തിൽ മിച്ചം വന്ന തുകയും, ഭക്തജനങ്ങളിൽ നിന്നും സമാഹരിച്ച തുകയും കൊണ്ടാണ് ബാലകൃഷ്ണനെ വാങ്ങിയത്. അന്ന് ബാലകൃഷ്ണന് 24 വയസ്സോളം പ്രായമുണ്ടായിരുന്നു. ഇതോടെ പാറമേക്കാവിലെ ബാലകൃഷ്ണൻ മുല്ലയ്ക്കൽ ബാലകൃഷ്ണനായി.
അവനരികിലേക്ക് സ്നേഹത്തോടെ ഭക്ഷണവുമായി എത്തിയിരുന്ന കളർകോട് മീനാക്ഷിയമ്മയുടേതടക്കം പലജീവനുകൾ ദുർബല നിമിഷത്തിൽ ബാലകൃഷ്ണൻ അപഹരിച്ചു. 2017ലെ ഓണക്കാലത്ത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് ആലപ്പുഴയിലേക്ക് വരവേ തുറവൂരിൽ വെച്ച് ലോറിയിൽ നിന്ന് ചാടിയിറങ്ങി പരിഭ്രാന്തി പരത്തിയ ബാലകൃഷ്ണൻ ചതുപ്പിൽ അകപ്പെട്ടു. പതിനേഴ് മണിക്കൂർ നീണ്ട തീവ്രശ്രമത്തിൽ ആന പാപ്പാൻ വാഴക്കുളം മനോജിന്റെ നേതൃത്വത്തിലാണ് ബാലകൃഷ്ണനെ കരയ്ക്കു കയറ്റിയത്. എന്നാൽ കരയ്ക്ക് കയറിയ ബാലകൃഷ്ണൻ വീണ്ടും അക്രമാസക്തനാവുകയും നിരവധി വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്തതോടെ വീണ്ടും മണിക്കൂറുകൾക്ക് ശേഷം മയക്കുവെടി വെച്ചാണ് തളച്ചത്. ഈ സംഭവത്തിന് ശേഷമാണ് ബാലകൃഷ്ണൻ ആരോഗ്യ അവശതകൾ നേരിട്ടു തുടങ്ങിയത്. ശ്വാസകോശ പ്രശ്നങ്ങൾക്കടക്കമുള്ള ചികിത്സ നടത്തിയിരുന്നു. ഒരു വർഷമായി ക്ഷേത്രാചാര ചടങ്ങുകളിൽ ബാലകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |