ആലപ്പുഴ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ടവകാശം 1802555 പേർക്ക്. ഇന്ന് രാവിലെ ആറുമണിക്ക് മോക് പോൾ രേഖപ്പെടുത്തും. തുടർന്ന് ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 72 ഗ്രാമപഞ്ചായത്തുകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, ആറ് നഗരസഭകൾ, ജില്ല പഞ്ചായത്ത് ഉൾപ്പെടെ 91 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ജില്ലയിൽ 5395 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 2445 പുരുഷന്മാരും 2950 വനിതകളുമുണ്ട്. 72 ഗ്രാമപഞ്ചായത്തുകളിലെ 1253 വാർഡുകൾ 12 ബ്ലോക്ക് പഞ്ചായത്തിലെ 170 വാർഡുകൾ, ജില്ലപഞ്ചായത്തിലെ 24 ഡിവിഷനുകൾ, ആറു മുനിസിപ്പാലിറ്റികളിലെ 219 വാർഡുകൾ ഉൾപ്പെടെ 1666 വാർഡുകളിലേക്കാണ് മത്സരം.
ഗ്രാമപഞ്ചായത്തുകളിൽ 1802 പോളിംഗ് സ്റ്റേഷനുകളും മുനിസിപ്പാലിറ്റികളിൽ 283 പോളിംഗ് സ്റ്റേഷനുമടക്കം 2085 എണ്ണമാണ് ആകെയുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ 18 കേന്ദ്രങ്ങളിലായി നടന്നു. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണം നടന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് ഡിസംബർ അഞ്ചിന് തന്നെ ജില്ലയിൽ പൂർത്തിയാക്കിയിരുന്നു. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കമ്പാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭയിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമപഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്. 3305 ബാലറ്റ് യൂണിറ്റുകളും 9207 കൺട്രോൾ യൂണിറ്റുകളുമാണ് ജില്ലയിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് ചുമതലയിൽ
10008 ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയിൽ 10008 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്
2502 പ്രിസൈഡിംഗ് ഓഫീസർമാരും 2502 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 5004 പോളിംഗ് ഓഫീസർമാരുമാണുള്ളത്
ഒരു പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക
20 ശതമാനം ഉദ്യോഗസ്ഥരെ റിസർവ് ചെയ്തിട്ടുണ്ട്. 60 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി
3650 പൊലീസ് ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് ജില്ലയിൽ 3650 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 21 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ, സിവിൽ പൊലീസ്, സ്പെഷ്യൽ പൊലീസ് ഓഫീസർമാർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും.
ജില്ലയിൽ
പഞ്ചായത്തുകൾ- 72
ബ്ലോക്ക് പഞ്ചായത്ത്- 12
നഗരസഭ- 6
ജില്ലാപഞ്ചായത്ത് -1
ആകെ വോട്ടർമാർ- 1,80,2,555
സ്ത്രീകൾ- 9,60,976
പുരുഷന്മാർ- 8,41,567
ട്രാൻസ്ജൻഡർ- 12
ആകെ സ്ഥാനാർത്ഥികൾ-5395
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |