ആലപ്പുഴ : ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ രേഖപ്പെടുത്തിയത് കൊവിഡ് കാലമായ 2020ലേക്കാൾ കുറഞ്ഞ പോളിംഗ്. 73.75 ശതമാനം പേരാണ് ഇന്നലെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാസ്ക്കും സാമൂഹ്യഅകലവും പാലിച്ചിരുന്ന കൊവിഡ് കാലത്ത് 77.32 ശതമാനം പേരും 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 80.49 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. ആകെ 2085 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതിൽ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം പോളിംഗ് നിറുത്തിവെച്ചു. ഇവിടെ നാളെ റീപോളിംഗ് നടക്കും.
ബി.എസ്.പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പേര് യന്ത്രത്തിൽ തെളിയുന്നില്ലെന്ന വിവരം ഉച്ചയ്ക്ക് 2.30ഓടെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ റീപോളിംഗ് വേണമെന്ന് ബി.എസ്.പി ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് കൈമാറിയതിനെ തുടർന്നാണ് നാളെ റീപോളിംഗ് നടത്താൻ തീരുമാനമായത്. ഇന്നലെ രാവിലെ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണുണ്ടായിരുന്നത്. എന്നാൽ ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. ഏതാനും ബൂത്തുകളിൽ മാത്രമാണ് ആറ് മണിക്ക് ശേഷവും വോട്ടർമാരുടെ നിയുണ്ടായിരുന്നത്.
ആകെ വോട്ടർമാർ : 1802555
വോട്ട് ചെയ്തത് : 1329475
ജില്ലാ പഞ്ചായത്തിലെ പോളിംഗ് : 74.73%
നഗരസഭകൾ
ഹരിപ്പാട് - 71.39%
കായംകുളം - 72.33%
മാവേലിക്കര - 64.89%
ചെങ്ങന്നൂർ - 65.52%
ആലപ്പുഴ - 65.99%
ചേർത്തല - 80.97%
ബ്ലോക്ക് പഞ്ചായത്തുകൾ
തൈക്കാട്ടുശ്ശേരി - 82.34%
പട്ടണക്കാട് - 79.03%
കഞ്ഞിക്കുഴി - 80.44%
ആര്യാട് - 77.66%
അമ്പലപ്പുഴ - 78.68%
ചമ്പക്കുളം- 72.02%
വെളിയനാട് - 74.21%
ചെങ്ങന്നൂർ - 67.59%
ഹരിപ്പാട് - 74.78%
മാവേലിക്കര - 68.16%
ഭരണിക്കാവ് - 71.57%
മുതുകുളം - 72.69%
5395 സ്ഥാനാർത്ഥികൾ
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ 12 ബ്ലോക്ക് പഞ്ചായത്തുകൾ ആറ് നഗരസഭകൾ ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഭരണസാരഥികളെ കണ്ടെത്തുന്നതിന് നടത്തിയ തിരഞ്ഞെടുപ്പിൽ 5395 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വോട്ടർപട്ടികപ്രകാരം ജില്ലയിൽ
1802555 വോട്ടർമാരാണുള്ളത് ഇതിൽ 960976 സ്ത്രീ വോട്ടർമാരും 841567 പുരുഷ വോട്ടർമാരും 12 ട്രാൻസ്ജെൻഡർമാരും ഉൾപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |