ആലപ്പുഴ : ഒരുമാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ ആര് വാഴും, ആര് വീഴുമെന്ന് ഇന്നറിയാം.വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ 1666 വാഡുകളിലെ വോട്ടുകളാണ് ജില്ലയിൽ എണ്ണുന്നത്.ഉച്ചയോടെ എല്ലാവാർഡുകളിലെയും ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം തപാൽ വോട്ടുകളെണ്ണും.തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒന്നാം വാർഡ് മുതലുള്ള ക്രമത്തിലായിരിക്കും വോട്ടുകൾ എണ്ണിത്തുടങ്ങുക. എണ്ണുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരിക്കും വോട്ടിംഗ് യന്ത്രങ്ങൾ എത്തിക്കുക. വോട്ടെണ്ണൽ ഹാളിലേക്ക് ഒരേ സമയം സ്ഥാനാർത്ഥിക്കും ഇലക്ഷൻ ഏജന്റിനും കൗണ്ടിംഗ് ഏജന്റിനും പ്രവേശിക്കാം.പഞ്ചായത്ത് വോട്ടെണ്ണൽ മേശകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ടാകും. നഗരസഭകളിൽ ഓരോ കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റും മാത്രമേയുണ്ടാകൂ. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടെണ്ണൽ മേശയിലെത്തിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തീരുന്ന മുറയ്ക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. വിജയികൾക്ക് അപ്പോൾ തന്നെ സർട്ടിഫിക്കറ്റും നൽകും.വോട്ടെണ്ണലിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റാനുള്ള ചുമതല തദ്ദേശ സെക്രട്ടറിമാർക്കാണ്.
മിനിട്ടുകൾക്കകം ഫലം
1.തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മിനിറ്റുകൾക്കുള്ളിലറിയാം. പഞ്ചായത്തുകളിലേത് 10-15 മിനിറ്റിലറിയാം.പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ എണ്ണി ഷീറ്റിലെഴുതുന്നത് ഉൾപ്പടെയുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാനുള്ള സമയമാണിത്. നഗരസഭകളിൽ 10 മിനിട്ടിൽ താഴെമതിയാകും
2.വോട്ടിംഗ് യന്ത്രം വോട്ടെണ്ണൽ മേശയിലെത്തിച്ച് ഓൺ ചെയ്യുമ്പോൾ ആദ്യം യന്ത്രത്തിന്റെ നമ്പറും ബാറ്ററി ചാർജിന്റെ നിലയും തെളിയും.സമയവും തീയതിയും ഇതോടൊപ്പം കാണാം.ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങിയതും അവസാനിച്ചതുമായ സമയവും തെളിയും. പിന്നീട് ആകെ പോൾ ചെയ്ത വോട്ട് കാണാനാകും
3.സ്ഥാനാർഥിയുടെ പേര് യന്ത്രത്തിൽ തെളിയില്ല. പകരം 1, 2 ക്രമത്തിൽ ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകളുടെ എണ്ണം വരും. വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിൽ സ്ഥാനാർത്ഥികളുടെ പേര് പതിച്ചിരുന്ന ക്രമത്തിലാണിത്. വോട്ടെണ്ണൽ സൂപ്പർവൈസർ ഇത് കുറിച്ചെടുത്ത് വരണാധികാരിയുടെ മേശയിലേക്ക് കൈമാറും
4.അവർ അപ്പോൾ തന്നെ ട്രെൻഡ് ആപ്പിലേക്ക് അപ്‍ലോഡ് ചെയ്ത് ഫലം പ്രഖ്യാപിക്കും. ത്രിതല പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തിയ യന്ത്രത്തിൽ ആദ്യം ഗ്രാമ പഞ്ചായത്ത് വാർഡിലെയും പിന്നീട് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും വോട്ടുകളാണ് തെളിയുക
ജില്ലയിൽ
സ്ഥാനാർത്ഥികൾ: 5395
തദ്ദേശ സ്ഥാപനങ്ങൾ
എണ്ണവും വാർഡുകളും
ഗ്രാമപഞ്ചായത്ത്: 72, 1253
ബ്ലോക്ക് പഞ്ചായത്ത്: 12, 170
ജില്ലാ പഞ്ചായത്ത്: 1, 24
നഗരസഭ: 6, 219
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |