SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

പൊലീസ് സ്റ്റേഷന് മുന്നിൽ മദ്യലഹരിയിൽ പൊലീസുകാരനെ ആക്രമിച്ചു

Increase Font Size Decrease Font Size Print Page

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ടതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്തു. യുവാവ് ഓടിച്ച ജീപ്പുമായി സ്റ്റേഷനിലെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് നേരെയായിരുന്നു കൈയാങ്കളി.

എറണാകുളം നോർത്ത് (കസബ) പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുകേഷിനാണ് യുവാവിന്റെ പരാക്രമത്തിൽ പരിക്കേറ്റത്. എറണാകുളം മറൈൻഡ്രൈവിൽ താമസിക്കുന്ന രവിപുരം സ്വദേശി നിഖിൽ രാജീവനെ (34) പ്രതിയാക്കി കേസെടുത്തു. ഇന്നലെ പുലർച്ചെ 2.20ന് കലൂർ ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്തെ നടപ്പാതയിലേക്കാണ് യുവാവ് ഓടിച്ച ജീപ്പ് ഇടിച്ചുകയറിയത്. അപകടത്തിൽ ബാരിക്കേഡ് തക‌‌ർന്നു. രാത്രികാല കച്ചവടക്കാരും ആൾക്കാരും ഓടിയെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന യുവാവ് തട്ടിക്കയറി. വിവരമറിഞ്ഞെത്തിയ നോർത്ത് പൊലീസ് സംഘം നിഖിൽ രാജീവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പൊലീസ് ജീപ്പിൽ ഇയാൾ ഇരിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ട ജീപ്പുമായി സി.പി.ഒ മുകേഷ് സ്റ്റേഷനിലെത്തുന്നത്. ഇതോടെ പൊലീസുകാരെ തള്ളിമാറ്റി ജീപ്പിൽനിന്ന് ചാടിയിറങ്ങിയ യുവാവ് മുകേഷിനെ അസഭ്യം പറയുകയും ഇടതുതള്ളവിരൽ പിടിച്ചുവലിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. പൊലീസുകാർ പണിപ്പെട്ടാണ് പ്രതി​യെ കീഴ്പ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രതി ആഡംബര ഫ്ലാറ്റിലാണ് താമസമെന്നും ബിസിനസുകാരനാണെന്നും പൊലീസ് അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്.

TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY