
അമ്പലപ്പുഴ: ഉറ്റസുഹൃത്തുക്കൾ പരസ്പരം കുത്തിപ്പരിക്കേൽപ്പിക്കുകയും അതിലൊരു യുവാവ് മരിക്കുകയും ചെയ്തത് വിശ്വസിക്കാനാകാതെ വാടക്കൽ ഗ്രാമം. ഒരു മാസം മുമ്പ് പാലയിൽ വെൽഡിംഗ് ജോലികൾക്ക് പോയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ അറയ്ക്കൽ വീട്ടിൽ ആൻഡ്രൂസ്, ഡാർലിയ ദമ്പതികളുടെ മകൻ ബിബിൻ (28) ആണ് ആത്മസുഹുത്ത് ബിനീഷിന്റെ കുത്തേറ്റ് മരിച്ചത്.
പാലാ തെക്കേക്കരയിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ വെൽഡിംഗ് വർക്കുമായി എത്തിയതായിരുന്നു ഉപകരാറുകാരായയ ബിബിനും ബിനീഷും. വീടിന്റെ പാലുകാച്ചൽ വെള്ളിയാഴ്ചയായിരുന്നു. വ്യാഴാഴ്ച ഇതിന്റെ സൽക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി കുത്തേറ്റ ബിബിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കാര്യം അറിയാതെ പരിക്കുകളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ബിനീഷ് പൊലീസിന്റെ പിടിയിലായത്.
ഇരുവരും അയൽവാസികളും ആത്മസുഹൃത്തുക്കളും ഒരേ ജോലി കരാറെടുത്ത് ചെയ്തുവരികയുമായിരുന്നു. ഇവർ പരസ്‌പരം ആക്രമിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് മറ്റ് സുഹൃത്തുക്കളും കുടുംബവും നാട്ടുകാരും പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 9ന് വാടയ്ക്കൽ ദൈവജന മാതാപള്ളി സെമിത്തേരിയിൽ ബിബിന്റെ സംസ്ക്കാരം നടക്കും. സഹോദരങ്ങൾ: റോസ് മേരി, ജിബിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |