
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം- സി.പി.ഐ പോര് മുറുകി.
പരസ്പരം പഴിചാരി ഇരുപാർട്ടിയിലെയും സെക്രട്ടറിമാർ രംഗത്തിറങ്ങിയതോടെ ഭിന്നത രൂക്ഷമായി. കുട്ടനാട്ടിലെ തോൽവിക്ക് പിന്നിൽ മുന്നണി മര്യാദ പാലിക്കാതെ സി.പി.ഐ ഒറ്റക്ക് മത്സരിച്ചതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ വിമർശിച്ചു. മുന്നണിയിൽ ഐക്യമില്ലാത്തതാണ് തോൽവിക്ക് കാരണം. മുന്നണിക്ക് പുറത്തുനിന്ന് മത്സരിച്ചവർക്ക് സി.പി.ഐ പാർട്ടി ചിഹ്നം നൽകിയത് തിരിച്ചടിയായെന്നും ഇവിടെ യു.ഡി.എഫും ബി.ജെ.പിയും നേട്ടമുണ്ടാക്കിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ, ആർ.നാസറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ രംഗത്തെത്തി. സി.പി.എം നൽകുന്ന രണ്ടുസീറ്റ് വാങ്ങി മത്സരിക്കാനല്ല സി.പി.ഐ പാർട്ടി മത്സര രംഗത്തിറങ്ങുന്നത്. ജയസാദ്ധ്യതയില്ലാത്ത സ്ഥലങ്ങളിൽ സീറ്റ് നൽകുകയും കൂടിയാലോചനകളില്ലാതെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന സി.പി.എമ്മാണ് മുന്നണി മര്യാദ ലംഘിക്കുന്നത്. കുട്ടനാട്ടിൽ ചില സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ അവിടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും അവർ ഒരു റൗണ്ട് പ്രചാരണം ആരംഭിക്കുകയും ചെയ്തുവെന്ന് പറയുന്നതാണോ മുന്നണി മര്യാദയാണെന്നും സോളമൻ ചോദിച്ചു.
പരസ്‌പരം പഴിചാരി പാർട്ടി സെക്രട്ടറിമാർ
രാമങ്കരിയിലും മുട്ടാറിലും മുന്നണിയില്ല. മുന്നണിയുണ്ടെങ്കിലേ മുന്നണി മര്യാദയുള്ളു. സി.പി.എമ്മിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാമെങ്കിൽ സി.പി.ഐ സ്ഥാനാർത്ഥികൾക്ക് മറ്റ് ചിഹ്നങ്ങൾ നൽകേണ്ട കാര്യമില്ല. 2020ന് ശേഷം രാമങ്കരിയിൽ സി.പി.ഐക്ക് ഉണ്ടായ വളർച്ച സി.പി.എം അംഗീകരിച്ചിട്ടില്ല. എന്നിട്ടും പരമാവധി വിട്ടുവീഴ്ചയ്ക്ക് ശ്രമിച്ചു. കുട്ടനാട്ടിലെ തോൽവി സി.പി.ഐയുടെ തലയ്ക്ക് വയ്ക്കാൻ നോക്കണ്ട. കൈനകരി പഞ്ചായത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ്. അവിടെ സി.പി.എം തോറ്റത് സി.പി.ഐയുടെ കുഴപ്പംകൊണ്ടല്ല. അസഭ്യം പറഞ്ഞിട്ട് കാര്യമില്ലെന്നും എസ്.സോളമൻ പറഞ്ഞു. കുട്ടനാട്ടിൽ സി.പി.എമ്മിലെ ആഭ്യന്തര വിഷയം അന്വേഷിച്ച് തിരുത്തണം. രാമങ്കരിയിൽ ധാരണയുണ്ടാക്കാൻ ശ്രമിച്ചു. പലവട്ടം ചർച്ചകളും നടത്തി. പരസ്പരം മത്സരിച്ചത് പരാജയത്തിന് കാരണമായിട്ടുണ്ടാകാം. അത് രണ്ടുകൂട്ടരും പരിശോധിക്കണമെന്നും സോളമൻ തിരിച്ചടിച്ചതോടെ കുട്ടനാട്ടിലെ സി.പി.എം- സി.പി.ഐ പോര് മറനീക്കി പുറത്തുവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |