
മുഹമ്മ: കടും മഞ്ഞ പൂക്കളും സമൃദ്ധമായ ഇലകളുമുള്ള ആറ്റുതകര, വഴിയോരങ്ങളിലും ആറ്റുതീരത്തുമെല്ലാം നിറഞ്ഞുനിൽക്കുന്നത് കാണുമ്പോൾ
പഴയ തലമുറയിൽപ്പെട്ടവർക്ക് അമ്മൂമ്മയെയാകും ആദ്യം ഓർമ്മ വരിക. ആദ്യകാല ബാലാരിഷ്ടതകളായ പൂഞ്ചുണങ്ങും പൊരിച്ചുണങ്ങും പുഴുക്കടിയുമെല്ലാം
മാറ്റാൻ തകരയില ഞെരടി തേച്ചുകുളിപ്പിച്ചിരുന്നത് അമ്മൂമ്മമാരായിരുന്നു.
പലവട്ടം വിളിച്ചിട്ടും കുളത്തിൽ നിന്ന് കയറാത്തതിന് തകരയിലത്തണ്ടുകൊണ്ട് തല്ലിക്കയറ്റിയതാവാം മറ്റുചിലരുടെ ബാല്യകാല സ്മരണകൾ.
എന്തായാലും, വയൽക്കരയിലും തോട്ടുവക്കത്തും ചതുപ്പിലുമൊക്കെയാണ് ആറ്റുതകരകൾ പ്രധാനമായും കണ്ടുവരുന്നത്. ഒരു മീറ്ററോളം ഉയരമുള്ള കരുത്തുള്ള തണ്ടിനുമേൽ, നിരവധി ശാഖകളും അതിൽ നിറയെ ഇലച്ചില്ലകളും ഉണ്ടാകും. തകര ചില്ലകളിൽ നിറയെ മഞ്ഞ പൂക്കൾ കൂടിയാകുമ്പോൾ, പൂരപ്പറമ്പിലെ പൂക്കാവടി പോലെ തോന്നും.
ഓരോ പൂത്തണ്ടിലും മുപ്പത് മുതൽ നാൽപ്പതുവരെ പൂക്കളുണ്ടാവും. ഇലത്തണ്ടിനുമുണ്ട് പ്രത്യേകത. തണ്ടിനുചറ്റും ദീർഘ വൃത്താകൃതിയിൽ ക്രമമായാണ് ഇലകൾ വിടർന്നുനിൽക്കുന്നത്. തകര വിത്തുകൾക്ക് ചതുരപ്പയറിന്റെ ആകൃതിയാണ്. ഇതും വളരെ ആകർഷണീയമാണ്.
ഔഷധച്ചെടി
ത്വക് രോഗങ്ങൾ തടയാൻ തകരയില മോരിൽ അരച്ചും എണ്ണയിൽ കാച്ചിയും ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. മാത്രമല്ല, പലവിധ അസുഖങ്ങൾക്ക് ഇത് കഷായമായും ഉപയോഗിച്ചിരുന്നു. ഇതിനെല്ലാം രണ്ടാഴ്ചക്കുള്ളിൽ ഫലപ്രാപ്തിയുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. എന്തായാലും, ആയുർവേദ, അലോപ്പതി മരുന്ന് നിർമ്മാണത്തിന് തകരയില ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ചില സ്വാശ്രയ ഗ്രൂപ്പുകൾ തകരയില സോപ്പ് അടുത്തിടെ വിപണിയിലിറക്കിയിരുന്നു. കിളുന്ന് തകരയില കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നവരും കുറവല്ല. തകരച്ചെടിയുടെ തണ്ടുകളിൽ അടക്കാകുരുവികൾ കൂടൊരുക്കാറുമുണ്ട്. തകരയുടെ ഔഷധഗുണത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന അഭിപ്രായം വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |