ആലപ്പുഴ: പക്ഷിപ്പനിബാധിത മേഖലകളിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കള്ളിംഗ് നാളെ ആരംഭിക്കും. രോഗബാധിത മേഖലകളിലെ കോഴിയും താറാവുമുൾപ്പെടെ 19000ത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട തകഴി, അമ്പലപ്പുഴ സൗത്ത്, ചെറുതന, കാർത്തികപ്പളളി, കരുവാറ്റ, നെടുമുടി, പുന്നപ്ര സൗത്ത്, പുറക്കാട്, കുമാരപുരം പ്രദേശങ്ങളിലാണ് കള്ളിംഗ് നടത്താൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. നാളെയും മറ്റന്നാളുമായി കള്ളിംഗ് പൂർത്തിയാക്കും.
രോഗ ബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ പക്ഷികളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പനയും ആരോഗ്യ വകുപ്പ് തടഞ്ഞു.
ക്രിസ്മസ് , ന്യൂ ഇയർ സീസണിലെ രോഗബാധ ആരോഗ്യപ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇറച്ചി, മുട്ട വിൽപ്പനയും ഉപയോഗവും തകൃതിയായി നടക്കുന്ന സമയത്തെ രോഗബാധയാണ് ആശങ്കയ്ക്ക് കാരണം. ഇറച്ചിയും മുട്ടയും നന്നായി വേവിക്കാതെ ഭക്ഷിക്കാനിടവന്നാൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും.
നീരീക്ഷണം ശക്തമാക്കി
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പനിനീരീക്ഷണം ശക്തമാക്കി. കർഷകരും പക്ഷി വളർത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും പ്രതിരോധ നടപടികളും ആരംഭിക്കും.
അസ്വാഭാവികമായി പക്ഷികളെ ചത്തനിലയിൽ കണ്ടെത്തിയാൽവിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം.
കണ്ണീരോടെ കർഷകർ
രണ്ട് വർഷത്തിനുശേഷം ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ നല്ലൊരുവിപണി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇരുട്ടടിപോലെ പക്ഷിപ്പനി താറാവ്, കോഴി കർഷകർക്ക് വിനയായത്
കുട്ടനാട്ടിൽ നെൽകൃഷി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ താറാവ്, കോഴി കർഷകരാണ്. ഇറച്ചി, മുട്ട വിപണിയാണ് വരുമാന മാർഗം
രോഗം റിപ്പോർട്ടായതോടെ ക്രിസ്മസ്, ന്യൂഇയർ കച്ചവടത്തിനായി വളർത്തിയ താറാവും കോഴികളും വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്
കഴിഞ്ഞ രണ്ട് സീസണുകളിൽ പോയ കച്ചവടം തിരികെ പിടിക്കാൻ ആയിരം മുതൽ പതിനായിരം വരെ താറാവുകളെ വളർത്തിയ കർഷകരുണ്ട്
ഇവയെ കൂടിന് പുറത്തിറക്കാൻ കഴിയാതെ വലയുകയാണ് കർഷകർ. തുറന്നുവിടാൻ കഴിയാത്തതിനാൽ തീറ്റച്ചെലവും ഇവരെ അലട്ടുന്നുണ്ട്.
പുതുതായികേസുകളൊന്നും റിപ്പോർട്ടായിട്ടില്ല. കള്ളിംഗിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. രോഗ പ്രതിരോധത്തിനാണ് ഇപ്പോൾ പ്രാധാന്യം
- ജില്ലാ വെറ്ററിനറി ഓഫീസർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |