
മാന്നാർ : ഓലച്ചമയങ്ങൾ ഒരുക്കി വിസ്മയക്കാഴ്ച സമ്മാനിക്കുന്ന മാന്നാർ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ കെ.രാജന് സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം. കാൽനൂറ്റാണ്ടിലധികമായി കുരുത്തോല കൈവേല കലാരംഗത്ത് പ്രവർത്തിച്ചു വരികയാണ് അമ്പത്തിയൊന്നുകാരനായ കെ.രാജൻ. സ്കൂൾ, കോളേജ്, കലാ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് ഓല കൊണ്ട് ചമയങ്ങൾ ഒരുക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്ന രാജൻ ചിരട്ട, മുള, ഈറ്റ എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
മാന്നാർ കുരട്ടിക്കാട് പാട്ടമ്പലത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിനും മഹാശിവരാത്രി മഹോത്സവത്തിന് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലും ഓലച്ചമയം ഒരുക്കാറുണ്ട്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ക്ഷേത്രോത്സവങ്ങളിൽ രാജനും ടീമും ഒരുക്കുന്ന ഓലച്ചമയങ്ങൾ അഭിവാജ്യ ഘടകമാണ്. പല പ്രധാന ഉദ്ഘാടന വേദികളിലും രാജന്റെ കരവിരുതിൽ ഒരുങ്ങുന്ന കുരുത്തോല വിളക്കുകളാണ് തിരിതെളിക്കാൻ ഉപയോഗിക്കുന്നത്.
ചെറുപ്പം മുതലേ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള രാജൻ ആറന്മുള സഹകരണ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുകയാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.വി.രത്നകുമാരിയാണ് ഭാര്യ. കോട്ടയം സി.എം.എസ് കോളേജിലെ ഭൗതിക ശാസ്ത്രം അവസാന വർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി ഏക മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |