
ആലപ്പുഴ: തണ്ണീർമുക്കം, തോട്ടപ്പള്ളി ഷട്ടറുകൾ അടച്ചെങ്കിലും, സ്പിൽവേയുടെ ആഴം കൂട്ടിയതോടെ ശക്തമായ വേലിയേറ്റത്തിൽ കവിഞ്ഞുകയറുന്ന ഓരുവെള്ളം കുട്ടനാട്ടിലെ നെൽകൃഷിക്ക് ഭീഷണിയാകുന്നു. പൂക്കൈതയാറിൽ നിന്ന് കൃഷിക്ക് വെള്ളമെടുക്കുന്ന പാടശേഖരങ്ങളിലേക്കാണ് ഓരുവെള്ളമെത്തുന്നത്. വേനൽചൂടിനൊപ്പം ഉപ്പുകലർന്ന വെള്ളം കൂടിയെത്തിയതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങുമോയെന്ന ആശങ്കയിലാണ് കർഷകർ.
ദേശീയപാത നവീകരണത്തിനും കുട്ടനാട് വെള്ളപ്പൊക്ക നിവാരണത്തിനുമായി സ്പിൽവേയിൽ നിന്ന് മണ്ണും ചെളിയും ഖനനം ചെയ്തതാണ് വേലിയേറ്റം ശക്തമാകാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ സ്പിൽവേയിലെ ഷട്ടറുകളിട്ടെങ്കിലും അറ്റകുറ്രപ്പണി നടത്താത്തതിനാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള തകർന്ന ഷട്ടറുകളിലൂടെ ധാരാളമായി ഓരുവെള്ളം പാടത്തേക്ക് കയറുന്നുവെന്നും അവർ പറയുന്നു.
എ.സി റോഡിന്റെ തെക്കേക്കരയിൽ പുറക്കാട് വരെയുള്ള ഹെക്ടറുകണക്കിന് പാടത്തെ നെൽകൃഷിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ഓരുവെള്ളം കാരണം ഭീതിയിലായത്. ഇതുകൂടാതെ തൃക്കുന്നപ്പുഴ, കന്നുകാലിപ്പാലം, തോട്ടുകടവ് തുടങ്ങിയ ചെറുതും വലുതുമായ നൂറു കണക്കിന് തോടുകളിലൂടെയും കുട്ടനാട്ടിലേക്ക് ഓരുവെള്ളമെത്തുന്നുണ്ട്.
നെൽച്ചെടികൾ കരിഞ്ഞുണങ്ങും
# നിലവിൽ പുഞ്ചയുടെസീസണിന്റെ തുടക്കമാണ്. നെൽച്ചെടികൾക്ക് രണ്ട് മാസത്തിലേറെ വളർച്ചയായിട്ടുണ്ട്. പൂക്കാനും കതിർവയ്ക്കാനും തുടങ്ങുന്ന നിർണായകഘട്ടമാണ്.ഓരുവെള്ളം നെൽച്ചെടികളുടെ വളർച്ചയെയും ആദായത്തെയും പ്രതികൂലമായി ബാധിക്കും
# നെൽച്ചെടികൾ ഉപ്പുവെള്ളം കയറി കരിഞ്ഞാൽ നെൽമണികൾ പതിരാകും.ഇത് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.കുട്ടനാട് സമുദ്രനിരപ്പിനെക്കാൾ താഴ്ന്നുകിടക്കുന്നതിനാൽ വേലിയിറക്കത്തിൽ വെള്ളം തിരികെ ഇറങ്ങുകയുമില്ല
# എ.സി റോഡിന് തെക്ക് വശത്തെ പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട് കൃഷിഭവൻ പരിധി മുതൽ കിടങ്ങറവരെയുള്ള പാടശേഖരങ്ങളെയാണ് ഓരുവെള്ളം ബാധിക്കുന്നത്. നടപടിയുണ്ടായില്ലെങ്കിൽ കുട്ടനാട്ടിൽ നെൽകൃഷി പൂർണമായി നിലക്കുന്ന അവസ്ഥയാണ്
തോട്ടപ്പള്ളി സ്പിൽവേയിലെയും മറ്റ് ഓരുമുട്ടുകളിലെയും വേലിയേറ്റ സമയത്തെ ജലപ്രവാഹം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. ഓരുവെള്ളം കയറി കുട്ടനാട്ടിലെ കൃഷി പൂർണമായും നശിക്കുന്ന സ്ഥിതിയിലാണ്
- സോണിച്ചൽ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |