
# ഷീന സനൽകുമാർ വൈസ് പ്രസിഡന്റ്
ആലപ്പുഴ: നൂറനാട് ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.മഹേന്ദ്രൻ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആര്യാട് ഡിവിഷൻ അംഗം ഷീന സനൽകുമാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രാവിലെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് വരണാധികാരിയായി. എൽ.ഡി.എഫ് എ.മഹേന്ദ്രനെയും യു.ഡി.എഫ് ജോൺ തോമസിനെയുമാണ് നാമനിർദ്ദേശം ചെയ്തത്. എൽ.ഡി.എഫ്-16, യു.ഡി.എഫ്- എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ജോൺ തോമസിന് എട്ടു വോട്ടും മഹേന്ദ്രന് 16 വോട്ടും ലഭിച്ചു. തുടർന്ന്, മഹേന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തു. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം പി.വി. സത്യനേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇവർ ജില്ലാ പഞ്ചായത്തിന്റെ പുതിയ അദ്ധ്യക്ഷനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ഉപഹാരം ജോൺ തോമസും നൽകി. ജനുവരി ആറിന് രാവിലെ 10.30ന് സ്ഥിരം സമിതി അദ്ധ്യക്ഷരെ തിരഞ്ഞെടുക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |