SignIn
Kerala Kaumudi Online
Saturday, 27 April 2024 5.31 AM IST

കൊച്ചിക്ക് അതീവസുരക്ഷ: കേന്ദ്ര നിരീക്ഷണം കർശനമാക്കും

willington

കൊച്ചി: കപ്പൽശാലയും ദക്ഷിണ നാവികത്താവളവും ഉൾപ്പെടെ കൊച്ചിയിലെ 11 പ്രദേശങ്ങളെ അതീവ സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചതോടെ കേന്ദ്ര സുരക്ഷാ ഏജൻസികൾ നിരീക്ഷണവും നിയന്ത്രണവും കടുപ്പിക്കും. രാജ്യരക്ഷയ്ക്കും മറ്റും നിർണായകമായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിർണായക സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മേഖലയായതിനാൽ കർശനനിയന്ത്രണങ്ങൾ ഇവിടങ്ങളിൽ ഏർപ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉൾപ്പെടെ ബാധകമാക്കും. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, മൊബൈൽ ചിത്രീകരണം, ഡ്രോൺ ഉപയോഗം തുടങ്ങിയവ നിയന്ത്രിക്കപ്പെടും. ശത്രുരാജ്യങ്ങൾക്ക് സഹായകമാകുന്ന വിവരമോ ദൃശ്യങ്ങളോ പുറത്തുപോകുന്നതും തടയപ്പെടുമെന്നാണ് സൂചന.

രാജ്യം ആഭ്യന്തരമായി വിമാനവാഹിനിക്കപ്പൽ നിർമ്മിച്ച കൊച്ചി കപ്പൽശാല വർഷങ്ങളായി കനത്ത സുരക്ഷയിലാണ്. വിമാനവാഹിനി നിർമാണ സമയത്ത് സി.ഐ.എസ്.എഫാണ് കപ്പൽശാലയ്ക്ക് സുരക്ഷ ഒരുക്കിയത്. കപ്പൽശാലയോടു ചേർന്ന് വൻവികസന പദ്ധതികൾ പൂർത്തിയാകുകയാണ്. വില്ലിംഗ്ഡൺ ഐലൻഡിലെ നാവികത്താവളത്തിൽ നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് സംവിധാനവും ഒരുങ്ങുന്നുണ്ട്.

വില്ലിംഗ്ഡൺ ഐലൻഡ് മർമ്മസ്ഥലം

തുറമുഖം സ്ഥിതി ചെയ്യുന്ന വില്ലിംഗ്ഡൺ ഐലൻഡിൽ മർമ്മപ്രധാനമായ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. പടുകൂറ്റൻ എണ്ണസംഭരണികൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. നാവികസേനയുടെ വിമാനത്താവളവുമുണ്ട്. സുരക്ഷാപരമായി സുപ്രധാനമായ കേന്ദ്രങ്ങളെ കർശനമായി നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ടാകും. ഇവിടങ്ങളിൽ എത്തുന്നവരും നിരീക്ഷണത്തിലാകും. മർമ്മപ്രധാനമായ നഗരപ്രദേശങ്ങൾക്ക് കർശനസുരക്ഷ ഉറപ്പാക്കുകയാണ് അതിസുരക്ഷാ മേഖലയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

രവിപുരം മുതൽ കുണ്ടന്നൂർ വരെ

എം.ജി റോഡിൽ രവിപുരം മുതൽ ദേശീയപാതയിൽ കുണ്ടന്നൂർ വരെ നീളുന്ന പ്രദേശങ്ങളാണ് അതീവ സുരക്ഷാമേഖലയിൽ ഉൾപ്പെടുന്നത്. തുറമുഖം, കേന്ദ്രീയ വിദ്യാലയം, ഓയിൽ ടാങ്കറുകൾ തുടങ്ങിയ സുരക്ഷാപ്രാധാന്യമുള്ള കേന്ദ്രങ്ങൾ കണക്കിലെടുത്താണ് നടപടി. ഐ.ബി. റോ, നേവൽ പൊലീസ്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ഇവിടങ്ങളിൽ ശക്തമാക്കും.

''അതീവസുരക്ഷ സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരാണ് മേഖലയിൽനടപടികൾ സ്വീകരിക്കുക. എന്തൊക്കെ നിയന്ത്രണങ്ങളുണ്ടാകുമെന്ന് വ്യക്തമല്ല.""

കെ. സേതുരാമൻ

കമ്മിഷണർ

സിറ്റി പൊലീസ്

അതീവ സുരക്ഷാ മേഖലകൾ

* കൊച്ചി കപ്പൽശാല

* കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ

* നേവൽ ജെട്ടി

* റോ റോ ജെട്ടി

* ദക്ഷിണ നാവികത്താവളം

* കൊച്ചി തുറമുഖ പ്രദേശം

* തുറമുഖ ക്വാർട്ടേഴ്‌സുകൾ

* പോർട്ട് കേന്ദ്രീയ വിദ്യാലയ

* കൊങ്കൺ ഓയിൽ സംഭരണി

* കുണ്ടന്നൂർ ദേശീയപാത

* ഐലൻഡിലെ നാവിക വിമാനത്താവളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HIGH SECURITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.