ആലുവ: ആലുവ ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന് കേരള ഫുട്ബാളിന് അഭിമാനമായിമാറിയ സന്തോഷ് ട്രോഫി താരം ബിബിൻ അജയൻ വിവാഹിതനാകുന്നു. വൈക്കം കുലശേഖരമംഗലം നാറാണത്ത്തിട്ട തമ്പി - ശ്രീലത ദമ്പതികളുടെ മകൾ രോഹിതയാണ് അജയന്റെ ജീവിതസഖിയാകുന്നത്. കഴിഞ്ഞ ദിവസം രോഹിതയുടെ വസതിയിൽ ഇരുവരും വിവാഹമോതിരം കൈമാറി. ആസ്റ്റർ മെഡ്‌സിറ്റിയിലെ നഴ്‌സാണ് രോഹിത. ജനസേവ ശിശുഭവൻ ബിബിന് സമ്മാനമായി നൽകിയ സ്ഥലത്ത് ഭവന നിർമ്മാണം പൂർത്തിയാക്കിയ ശേഷം വിവാഹിതരാകാനാണ് തീരുമാനം.
2022ലെ സന്തോഷ് ട്രോഫിയിലാണ് ബിബിൻ കേരളത്തിന് വേണ്ടി ജേഴ്സിയണിഞ്ഞത്. 2008ൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവ സ്‌പോർട്‌സ് അക്കാഡമിയിലെ പരിശീലനത്തിലൂടെയാണ് ബിബിൻ ഫുട്‌ബാളിലെ പ്രതിഭ രാകിമിനുക്കിയത്. ഒന്നിലധികം തവണ ജില്ലാ സബ് ജൂനിയർ ഫുട്‌ബാൾ ടീമിന്റെയും സംസ്ഥാന ജൂനിയർ ടീമിന്റെയും ക്യാപ്ടനായി.
2006ൽ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. ജനസേവയുടെ തണലിൽ നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂളിലും ആലുവ യു.സി. കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
നിരവധി കുട്ടികൾ ജനസേവ സ്‌പോർട്‌സ് അക്കാഡമിയിലെ പരിശീലനം വഴി പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2018ൽ സർക്കാർ ജനസേവ ഏറ്റെടുക്കുന്നതുവരെ സ്‌കൂൾ തലത്തിൽ എറണാകുളം ജില്ലയ്ക്കുവേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും എല്ലാ വിഭാഗം മത്സരങ്ങളിലും ജനസേവയിലെ കുട്ടികൾ തിളങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |