കൊച്ചി: സർക്കാർ ജീവനക്കാരുടെ കുട്ടികളെ പരിചരിക്കാൻ ഓഫീസിനോടുചേർന്ന് 14 ശിശുപരിചരണ കേന്ദ്രങ്ങൾ (ക്രഷ്) കൂടി വരുന്നു. നിലവിൽ ഇത്തരം 11 കേന്ദ്രങ്ങൾ 8 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ഏഴെണ്ണമെങ്കിലും സ്ഥാപിക്കും. കേരള സർവകലാശാലയോടു ചേർന്നും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൊല്ലം നഗരത്തിൽ ടി.എം. വർഗീസ് സ്മാരക ഹാളിനു സമീപവും ഉടൻ പ്രവർത്തനമാരംഭിക്കും. മറ്റ് ജില്ലകളിലും അനയോജ്യമായ സ്ഥലം കണ്ടെത്തിവരുന്നുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്കാകും തുടർ പ്രവർത്തനങ്ങൾ നടക്കുക.
ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്തു നടത്തിയിരുന്നതും പിന്നീട് നിർത്തിയതുമായ കേന്ദ്രങ്ങളാണ് സർക്കാർ സ്ഥാപനങ്ങൾ ഉള്ളയിടങ്ങളിലേക്കു മാറ്റുന്നത്. സർക്കാർ കെട്ടിടസമുച്ചയങ്ങൾ, സർക്കാർ - എയ്ഡഡ് കോളേജുകൾ, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽവരുന്ന പ്രധാന സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലത്തേക്കാണ് കേന്ദ്രം മാറ്റി സ്ഥാപിക്കുന്നത്.
• നിലവിലുള്ളത് 11 എണ്ണം
എറണാകുളം കളക്ട്രേറ്റ്, തിരുവനന്തപുരം പി.എസ്.സി ഓഫീസ്, കിൻഫ്രാ, വെള്ളായണി കാർഷിക കോളേജ് എന്നിവയ്ക്ക് സമീപത്തായി മൂന്നു കേന്ദ്രങ്ങൾ, കൊല്ലം വെളിയം ഗവ.എൽ.പി സ്‌കൂൾ , ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്ത് ഓഫീസ്, കോഴിക്കോട് കളക്ട്രേറ്റ്, വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷൻ, കണ്ണൂർ ബ്രണ്ണൻ കോളേജ്, കണ്ണൂർ സർവകലാശാല, കാസർകോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇപ്പോൾ 11 കേന്ദ്രങ്ങൾ ഉള്ളത്.
50 ലക്ഷത്തിന്റെ പദ്ധതി
കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീസ്‌കൂൾ പ്രവർത്തനങ്ങൾ, നിരീക്ഷണസംവിധാനം തുടങ്ങിയവയ്ക്കായുള്ള സാധന സാമഗ്രികൾ വാങ്ങുന്നതിന് ഒരു കേന്ദ്രത്തിനു രണ്ടുലക്ഷംരൂപ വീതമുണ്ട്. റഫ്രിജറേറ്റർ, അലക്കുയന്ത്രം, ഗ്യാസ് കണക്ഷനും സ്റ്റൗവും ശിശുസൗഹൃദ ഉപകരണങ്ങൾ, പാത്രങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യം, മെത്ത, കളിപ്പാട്ടം, പായ, ബക്കറ്റ്, വിരിപ്പുകൾ, ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |