ചായക്കടയും ചാരായക്കടയും മാടക്കടയുമായിരുന്നു പണ്ട് നാട്ടിൻപുറത്തെ ഹൈലൈറ്റ്. നാലുംകൂടിയ മുക്കിലെത്തുന്നവർക്ക് നാലുംകൂട്ടി മുറുക്കാനും നല്ലനാല് വർത്തമാനം പറഞ്ഞിരിക്കാനും നാലുകാലിൽ ഇഴയാനും പറ്റിയ സംവിധാനങ്ങൾ. എ.കെ.ആന്റണി ചാരായം നിരോധിച്ചതോടെ ചാരായക്കടകൾ പൂട്ടി. ചാരായഷാപ്പിൽ കുടികിടപ്പായിരുന്ന കുടിയൻമാർ വേറെ വഴിനോക്കി. കാലംമാറിയപ്പോൾ മാടക്കടയ്ക്കും മാറ്റംവന്നു. പക്ഷേ മാറാതെ നിൽക്കുന്നത് ചായക്കടകളാണ്. വൻകിട ഹോട്ടലുകളിലെ പൊണ്ണക്കാര്യങ്ങളില്ലാത്ത എണ്ണപ്പലഹാരങ്ങളും ചായയും ചമ്മന്തിയുമായി അവ വിനയത്തോടെ നിൽക്കുന്നു. നാട്ടിലെചായക്കടയിൽ നിന്ന് ഒരു ചൂടുചായയും കടിയും കഴിക്കാതെ ഒരു ദിവസം തുടങ്ങാൻ ബുദ്ധിമുട്ടുള്ളവരുണ്ട്. വീശിയടിച്ച് പതനിറച്ച ചായഗ്ളാസിൽ നിന്ന് തുടങ്ങുന്നു അവരുടെ ഒരുദിവസം. വൈകിട്ട് കടത്തിണ്ണയിലും ബഞ്ചിലുമിരുന്ന് നാട്ടുകാര്യവും കേട്ടകാര്യവും വീട്ടുകാര്യവും പറഞ്ഞായിരിക്കും ഒരു ദിവസത്തിന്റെ അവസാനം. അമേരിക്കയുടെ ആറ്റംബോബിനെക്കുറിച്ചു മുതൽ അടുത്ത വീട്ടിലെ അടികലശലിനെക്കുറിച്ചു വരെ അവിടെ ചർച്ച നടക്കും. രാവിലെ മുതൽ സന്ധ്യമയങ്ങും വരെ ചായക്കടയിൽ നടക്കുന്ന അത്തരം ചാനൽച്ചർച്ചകൾ കണ്ടുംകേട്ടും ചായക്കടക്കാരനും ചായക്കടക്കാരിയുമുണ്ടാകും. പറക്കോട് വലിയ പള്ളിക്ക് താഴെ പാലത്തിനോട് ചേർന്ന് ചായക്കട നടത്തിയിരുന്ന നാട്ടുകാരുടെ ഗോപാലൻ കൊച്ചാട്ടൻ കഴിഞ്ഞ ദിവസം മരിച്ചു. പ്രായഭേദമന്യേ നാട്ടുകാർക്ക് ഗോപാലൻകൊച്ചാട്ടനെക്കുറിച്ച് പറയാൻ രൂചിയുടെയും കൈപ്പുണ്യത്തിന്റെയും സ്നേഹ ഗാഥകൾ പലതുണ്ടായിരുന്നു. സോഷ്യൽ മീഡിയിയിലൂടെ അവർ അത് പങ്കിടുകയും ചെയ്തു. ചായക്കടയിലൂടെ നാട്ടുകാർക്ക് പ്രിയപ്പെട്ടവരായ പലരുണ്ട്. വള്ളിക്കോട്ടെ സ്വാമിയുടെ ചായക്കട മുതൽ ഓമല്ലൂർ ജംഗ്ഷന് സമീപമുള്ള കല്യാണിയമ്മയുടെ തട്ടുകട വരെ നാട്ടുകാർക്ക് പ്രിയപ്പെട്ടതായത് ആ നാട്ടുനൻമകൊണ്ടുകൂടിയാണ്.
പഴകിയ എണ്ണയും രാസവസ്തുക്കളും ചേർത്ത് നിറവും മണവും കൂട്ടി കച്ചവടം നടത്തുന്ന വഞ്ചന നാട്ടിൻപുറത്തെ ചായക്കടകളിലില്ല. ആളുകൾ വടയും കടിയും വാങ്ങുന്നത് വടികൊടുത്ത് അടിവാങ്ങാനല്ലെന്ന് അവർക്കറിയാം. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരമാണ് വാങ്ങുന്നത്. അതുകൊണ്ട് ശുദ്ധമായതേ കൊടുക്കു. ബോണ്ടയും ബോളിയും മുറുക്കും മധുരസേവയുമായി നാട്ടുകാരെ സേവിക്കാൻ പലതുണ്ടാകും കണ്ണാടി അലമാരയിൽ. പുട്ടും കടലയും ദോശയും ചമ്മന്തിയുമായി ആശയ്ക്ക് വകയുള്ള പലതുണ്ട് അടുക്കളയിൽ. കീശയ്ക്ക് തട്ടുകേടില്ലാതെ കഴിക്കാം. വിളമ്പുന്നത് നാട്ടുനൻമയുടെ കൈപ്പുണ്യം കൊണ്ടാണ്. കമിഴ്ന്നുവീണാൽ കാൽപ്പണമെന്ന് കരുതുന്ന കള്ളക്കച്ചവടത്തിന്റെ പുതിയ കാലത്ത് കിട്ടുമോ ഈ നാട്ടുരുചി.
ബോണ്ടയും ബോളിയും മുറുക്കും മധുരസേവയുമായി നാട്ടുകാരെ സേവിക്കാൻ പലതുണ്ടാകും കണ്ണാടി അലമാരയിൽ. പുട്ടും കടലയും ദോശയും ചമ്മന്തിയുമായി ആശയ്ക്ക് വകയുള്ള പലതുണ്ട് അടുക്കളയിൽ. കീശയ്ക്ക് തട്ടുകേടില്ലാതെ കഴിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |