അഗളി: അട്ടപ്പാടിയിലെ ആദിവാസി ഊരുകളെ ബന്ധിപ്പിക്കുന്നതിന് കെഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്) പദ്ധതി നാഴികക്കല്ല് പിന്നിട്ടു. 190 ആദിവാസി ഊരുകളിൽ 140 എണ്ണത്തിലെ 396 വീടുകളിൽ കെഫോൺ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കി. കൂടാതെ ജില്ലയിലെ പ്രധാന മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കൽ, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോൺ കണക്ഷൻ എത്തിച്ചു. കെഫോൺ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാക്കി. വിദൂര ഗ്രാമങ്ങളിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസവും ആഗോള വിജ്ഞാനവും ഇതുവഴി ലഭ്യമായി. 2020ലെ സർവേ പ്രകാരം, അട്ടപ്പാടിയിലെ 19,671 വിദ്യാർത്ഥികൾക്ക് ടെലിവിഷനോ ഇന്റർനെറ്റോ ലഭ്യമല്ലായിരുന്നു. ഇപ്പോൾ കെ ഫോൺ പദ്ധതിയിലൂടെ ഈ വിടവ് നികത്താൻ സാധിച്ചു.
പാലക്കാട് 9987 കണക്ഷൻ
പാലക്കാട് ജില്ലയിൽ കെഫോൺ ഡിജിറ്റൽ മേഖലയിൽ സമഗ്രമായ മാറ്റമാണ് ഉണ്ടാക്കുന്നത്. ജില്ലയിൽ ഇതുവരെ 9,987 കണക്ഷനാണ് നൽകിയത്. ഇതിൽ 1050 ബി.പി.എൽ വീടുകളും 4944 വാണിജ്യ കണക്ഷനുകളും ഉൾപ്പെടുന്നു. വാണിജ്യ കണക്ഷനുകൾ 362 പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ വഴിയാണ് ലഭ്യമാക്കുന്നത്. ജില്ലയിൽ 2,465.2 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ 2,445 സർക്കാർ സ്ഥാപനങ്ങൾ കെഫോൺ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്. മലമ്പുഴ മിനി ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പാലക്കാട് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലും കെഫോൺ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |