മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ റേഷൻകടയിൽനിന്ന് മോശം ഗോതമ്പ് നൽകിയെന്ന് മന്ത്രിക്ക് കാർഡ് ഉടമ നൽകിയ പരാതിയെത്തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ റേഷൻകടകളിൽ പരിശോധന നടത്തി. ഫോർട്ട്കൊച്ചി അമരാവതിയിലെ റേഷൻകടയിൽനിന്ന് ലഭിച്ച ഗോതമ്പ് മോശമാണെന്നാണ് പരാതി ഉയർന്നത്.
കൊച്ചിയിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് നൽകുന്ന ഗോതമ്പ് മോശമാണെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. തങ്ങൾക്ക് ഇത്തരം ഗോതമ്പ് വിതരണം ചെയ്യുന്നത് പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ മോശം സാധനമാണെങ്കിൽ അത് ഉപഭോക്താക്കൾക്ക് നൽകരുതെന്നും അത് മാറ്റിവച്ച് റേഷനിംഗ് അധികൃതരെ അറിയിക്കണമെന്നും എല്ലാ ലൈസൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നുവെന്നാണ് ഭക്ഷ്യവകുപ്പ് അധികൃതർ പറയുന്നത്. സാധനങ്ങൾ മോശമാകാതിരിക്കാൻ ലൈസൻസികൾക്കും ഉത്തരവാദിത്വമുണ്ടെന്നും അധികൃതർ പറയുന്നു. നേരത്തേ വന്ന സ്റ്റോക്ക് വിതരണം ചെയ്യുന്നതിന് പകരം പുതിയ സ്റ്റോക്ക് കൊടുക്കുന്ന സാഹചര്യമുണ്ട്. അപ്പോൾ പഴയ സ്റ്റോക്ക് ഇരുന്നുപോകുകയും അവ മോശമാകുന്ന സാഹചര്യവുമുണ്ടാകും. ഇത് ഒഴിവാക്കാൻ ലൈസൻസികൾ ശ്രദ്ധിക്കണമെന്നും അധികൃതർ പറയുന്നു.
എന്നാൽ കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലുള്ള കടകൾക്ക് പരിമിതികളുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം അമരാവതിയിലെ റേഷൻകടയിൽനിന്ന് മോശം ഗോതമ്പ് നൽകിയെന്ന പരാതിയുടെ പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ ലൈസൻസിക്കാണ് കഴിഞ്ഞദിവസം കാർഡ് ഉടമയിൽനിന്ന് മർദ്ദനമേറ്റത്. ഇത് സംബന്ധിച്ച പരാതിയും നിലനിൽക്കുന്നുണ്ട്. ഈ പോസ് മെഷീൻ സെർവർ തകരാർ മൂലം റേഷൻ വിതരണം വൈകിയതിനെ തുടർന്നായിരുന്നു മർദ്ദനമെന്നായിരുന്നു പരാതി. ഇപ്പോഴത്തെ പരാതിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |