കൊച്ചി: വിധിയെഴുത്തുദിവസം ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മാമംഗലം എസ്.എൻ.ഡി.പി ഹാളിലെ ബൂത്തിൽ ഭാര്യ അന്നക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽ.പി സ്കൂളിലെ 105-ാം ബൂത്തിൽ കുടുംബസമേതം വോട്ട് ചെയ്തു. ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ചേരാനെല്ലൂർ അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തി വോട്ട് ചെയ്തു. ട്വന്റി 20 സ്ഥാനാർത്ഥി ആന്റണി ജൂഡി എറണാകുളം പെരുമാനൂർ സി.സി.പി.എൽ.എം ആഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലാണ് വോട്ട് ചെയ്തത്.
ചാലക്കുടിയിലെ യു.ഡി.എഫ്, ട്വന്റി 20 സ്ഥാനാർത്ഥികൾക്കും എറണാകുളം മണ്ഡലത്തിലായിരുന്നു വോട്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ അങ്കമാലി ബ്ലോക്ക് ഓഫീസിലും ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. ചാൾളി പോൾ തമ്മനം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി ഹാളിലും കുടുംബസമേതം വോട്ട് ചെയ്തു. അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ ചാലക്കുടി ഫാസ് ഓഡിറ്റോറിയത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് തൃശൂർ കേരളവർമ്മ കോളേജിലുമാണ് വോട്ട് ചെയ്തത്.
മന്ത്രി രാജീവ് കളമശ്ശേരിയിൽ
വ്യവസായ മന്ത്രി പി. രാജീവ് കുസാറ്റ് യൂണിവേഴ്സിറ്റി അംബേദ്കർ ട്രെയിനിംഗ് സെന്റർ ബൂത്തിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തി വോട്ടുചെയ്തു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദും കുടുംബവും പാലാരിവട്ടം ഹരിജൻ വെൽഫയർ സെന്റർ ഓഫീസിലെ ബൂത്തിലും തൃക്കാക്കര എം.എൽ.എ. ഉമതോമസ് പാലാരിവട്ടം വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലും വോട്ടുചെയ്തു.
ജില്ലാ വരണാധികാരിയായ കളക്ടർ എൻ.എസ്.കെ. ഉമേഷ് രാവിലെ ഏഴിന് എറണാകുളം എസ്.ആർ.വി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
സിനിമാ മേഖലയിലും വോട്ടാവേശം
നടനും സംവിധായകനുമായ രൺജി പണിക്കർ രാവിലെ തന്നെ കൊച്ചി കടവന്ത്ര വൈ.എം.സി.എ ഹാളിലെ ബൂത്തിലെത്തി വോട്ടുചെയ്തു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ്ഗോപിയുടേതല്ലെന്നും ചോദ്യത്തിന് മറുപടിയായി രൺജി പ്രതികരിച്ചു. സംവിധായകൻ ആഷിക് അബുവും നടി റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വോട്ടുചെയ്തു. നടന്മാരായ ഹരിശ്രീ അശോകൻ അയ്യനാട് എൽ.പി. സ്കൂളിലും ടിനി ടോം കമ്പനിപ്പടിയിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ശ്രീലങ്കയിൽ ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവച്ച് നടി രേഷ്മ അന്ന രാജൻ (ലിച്ചി) വോട്ടുചെയ്യാൻ ആലുവ ഇസ്ലാമിക് സ്കൂളിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |