കാസർകോട് : സഹോദരൻ പ്രതിയായ പോക്‌സോ കേസിൽ മൊഴിമാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുമ്പള ബംബ്രാണ വയലിലെ വരുൺരാജ് ഷെട്ടിയെ (30)യാണ് കുമ്പളയിൽ പുതുതായി ഇൻസ്‌പെക്ടർ ആയി ചാർജ്ജെടുത്ത കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റു ചെയ്തത്.
2018 ലെ പോക്‌സോ കേസിൽ വരുൺ രാജിന്റെ സഹോദരൻ കിരൺ രാജ് പ്രതിയാണ്. കാപ്പ ചുമത്തി കിരൺ രാജ് ജയിലിലാണ്. പോക്‌സോ കേസിൽ കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടന്നു വരികയാണ്. അതിനിടെയാണ് മൊഴിമാറ്റണമെന്ന് പറഞ്ഞ് വരുൺ രാജ് ഇരയെ ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഇര കോടതിയിലെ
വിചാരണയ്ക്കിടെ നൽകിയ മൊഴിയെ തുടർന്നാണ് കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
തുടർന്ന് ഇന്നലെ പുലർച്ചെ ഒരുമണിയോടെ പൊലീസുകാർ പ്രതിയെ വീടു വളഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒളിവിൽ പോയതായി അറിഞ്ഞു. രാവിലെ 6 മണിയോടെ പ്രതി വീടിനു പിറകിലോടെ എത്തി ബാഗും മറ്റുമായി മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മഫ്തിയിലെത്തിയ പൊലീസ് വരുൺ രാജിനെ പിടികൂടിയത്. പൊലീസുകാരായ സുഭാഷ്, വിനോദ് എന്നിവരാണ് പ്രതിയെ വളഞ്ഞുവെച്ച് സി.ഐയെ വിവരം അറിയിക്കുകയായിരുന്നു. കുമ്പള എസ്.ഐ. ശ്രീജേഷാണ് കേസ് അന്വേഷിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ വരുൺരാജിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |