നെടുമ്പാശേരി: അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ വഴി തെറ്റിക്കുകയും ജീവൻ വരെ അപഹരിക്കുകയുമാണെന്ന് പൊലീസ് പറയുന്നു. വിവിധ പേരുകളിൽ അറിയപ്പെടുന്ന 'കില്ലർ ഗെയിമു'കളാണ് കുട്ടികളുടെ കാലനായി മാറുന്നത്. കഴിഞ്ഞ ദിവസം ചെങ്ങമനാട് കപ്രശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിന് പിന്നിലും 'കില്ലർ ഗെയിം' ആണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചനകൾ വ്യക്തമാക്കുന്നത്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിയാണ് അമിത മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഫലമായി ജീവനൊടുക്കിയത്.
'ആപ്പാ'കുന്ന ഗെയിം ആപ്പുകൾ
ഗെയിം ആപ്പുകൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷമാണ് കളിക്കുന്നത്. ആദ്യം താരതമ്യേന ലളിതവും രസകരവുമായ ടാസ്കാണ് നൽകുക. ഓരോ ഘട്ടവും വിജയിക്കുന്നതോടെ ടാസ്കുകൾ കഠിനമാകും. സ്ട്രോ ഉപയോഗിച്ച് കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്ന ചിത്രമാണ് ആദ്യം ഗെയിമിന്റെ ഭാഗമായി പോസ്റ്റ് ചെയ്യാൻ പറയുന്നതെങ്കിൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അർദ്ധരാത്രിയിൽ സെമിത്തേരിയിൽ മെഴുകുതിരി കത്തിക്കുന്നതും ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതും വരെ ടാസ്കിന്റെ ഭാഗമാക്കും. ബഹുനില കെട്ടിടത്തിന്റെ അരഭിത്തിയിലൂടെ കൈകെട്ടി നടക്കുന്നതുവരെ ടാസ്കിലുണ്ടാകും.
കപ്രശേരിയിൽ മരിച്ച വടക്കുഞ്ചേരി വീട്ടിൽ അഗ്‌നൽ ജെയ്മി ഉപയോഗിക്കുന്ന ഫോണിലും ഇത്തരം അപ്പുകൾ ഡൗൺലോഡ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെകുത്താൻ എന്ന് അർത്ഥം വരുന്ന 'ഡെവിൾ' ആപ്പ് ആണ് കണ്ടെത്തിയത്. മഴക്കോട്ട് ധരിച്ച്, ഇരുകൈകളും പിന്നിലാക്കി കൂട്ടിക്കെട്ടിയും വായയിൽ സെല്ലോ ടെപ്പ് പതിച്ചും തോർത്തുമുണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കുടുക്കിലാണ് ആഗ്നൽ തൂങ്ങിയത്. ഗെയിമിന്റെ ഭാഗമായ ടാസ്ക് ആയിരുന്നോവെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്‌കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞെത്തിയ അഗ്‌നലിനെ വെള്ളിയാഴ്ച്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആഗ്‌നൽ ഉപയോഗിക്കാറുള്ള മാതാപിതാക്കളുടെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് സൈബർ വിഭാഗങ്ങളുടെ പരിശോധനയ്ക്ക് കൈമാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |