കൊച്ചി: സൂംബ വിവാദം കൊടുമ്പിരി കൊണ്ടു നിൽക്കെ സ്‌കൂളുകളിൽ ആര് സൂംബ പഠിപ്പിക്കണമെന്നതിലും ആശങ്ക. അംഗീകൃത ട്രെയിനർമാർ മാത്രമേ സ്‌കൂളുകളിൽ സൂംബ പഠിപ്പിക്കാൻ പാടുള്ളുവെന്ന ആവശ്യവുമായി ഒരുകൂട്ടം സൂംബ ട്രെയിനർമാരാണ് രംഗത്തെത്തിയത്. സൂംബ പഠിപ്പിക്കുന്നതിന് അംഗീകൃത ലൈസൻസ് വേണമെന്നതാണ് വാദം.
കൊച്ചിയിൽ 80 അംഗീകൃത പരിശീലകരാണുള്ളത്. സൂംബ ഇൻസ്ട്രക്ടർ നെറ്റ് വർക്ക് (സിൻ)എന്ന അമേരിക്കൻ വേരുകളുള്ള സംഘടനയുടെ സർട്ടിഫൈഡ് ട്രെയിനർമാരാണ് സൂംബ പഠിപ്പിക്കാൻ യോഗ്യരായുള്ളവരെന്നാണ് ഇവരുടെ വാദം. സിൻസ് കേരള എന്ന ഗ്രൂപ് സംസ്ഥാന, ജില്ലാ തലങ്ങളിലുമുണ്ട്. ഇവർ സർട്ടിഫൈഡ് കോഴ്‌സ് പഠിച്ച ശേഷമാണ് സൂംബ പരിശീലകരായെത്തുന്നത്.ബി1, ബി2, ബി3 എന്നിങ്ങനെ സ്‌പെഷ്യലൈസേഷനുമുണ്ട്.
കേരളത്തിലെ സ്‌കൂളുകളിൽ സുംബ ക്ലാസുകൾ ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിവാദം ആരംഭിച്ചത്. 'വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ' ജനറൽ സെക്രട്ടറിയും അദ്ധ്യാപകനുമായ ടി.കെ. അഷ്റഫ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നാണ് വിവാദമുണ്ടായത്. ഇത് ചില മതസംഘടനകൾ ഏറ്റെടുത്തതോടെ വിവാദം കത്തിപ്പടർന്നു. എതിർപ്പ് അവഗണിച്ച് സുംബയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.
പലതരം സൂംബകൾ
മുതിർന്നവർക്കായുള്ള സൂംബ ഗോൾഡ്
വെള്ളത്തിലുള്ള അക്വ സൂംബ
കുട്ടികൾക്കായുള്ള സൂംബ കിഡ്‌സ്
സൂംബ കിഡ്‌സ് ജൂനിയർ സൂംബ ടോണിംഗ്
സ്‌ട്രോംഗ് ബൈ സൂംബ തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്.
അവകാശ വാദങ്ങൾ
കേരളത്തിലാകെ 270 അംഗീകൃത സൂംബ പരിശീലകരുണ്ട്
അംഗീകൃത ട്രെയിനർമാർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ
സൂംബ ഇൻസ്ട്രക്ടർ നെറ്റ് വർക്കിലെ ട്രെയിനർമാർക്കുള്ള സിൻ പ്ലേ ആപ്പിൽ പ്രത്യേകം തയാറാക്കിയ പാട്ടുകളുണ്ട്. ബോളിവുഡ് പാട്ടുകളോ സിനിമാ പാട്ടുകളോ ഉപയോഗിക്കാൻ പാടില്ല.
സ്‌കൂൾ അദ്ധ്യാപകർ പഠിപ്പിക്കണമെങ്കിൽ അവർ സൂംബ പഠിച്ചിരിക്കണം.
സൂംബ
വ്യായാമം നൃത്തച്ചുവടുകളിലൂടെയാണ് ചെയ്യുന്നതാണ് സൂംബ. നൃത്തവും എയ്‌റോബിക്‌സും ഒരുമിച്ച് ചെയ്യുന്നു. ജിമ്മിലേതു പോലെ ഉപകരണം ആവശ്യമില്ല. ഓരോ ക്ലാസിലും വ്യത്യസ്ത പാട്ടുകളും ചുവടുകളുമുണ്ട്.
കൊളംബിയൻ ഡാൻസർ ബെറ്റോ പെരേസ വികസിപ്പിച്ച സൂംബയെന്ന വ്യായാമമുറ 1990കളിലാണ് ലോകം അറിയുന്നത്. വിവിധ സൂംബകൾക്ക് പ്രത്യേകമുള്ള കോഴ്‌സുകളുമാണുള്ളത്. മെറിംഗെ, സാൽസ, കൂംബിയ, റെഗടോൺ തുടങ്ങി നിരവധി താളം. നാലെണ്ണമാണ് പ്രധാനം സർട്ടിഫൈഡ് ട്രെയിനർമാർ മാസം 12 ക്ലാസിന് 2000-3000വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |