കൊച്ചി: പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര കടമക്കുടിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായി വിശേഷിപ്പിച്ചതോടെ, കടമക്കുടിക്ക് ആഹ്‌ളാദം. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി എട്ട് കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഗ്രാമീണതയും പരിസ്ഥിതിയും സംരക്ഷിച്ച് മാലിന്യമുക്തമായ കടമക്കുടിയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മുംബയ് ആസ്ഥാനമായ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര യാത്രാപ്രേമി കൂടിയാണ്. ടൂറിസം ബിസിനസുമുള്ള അദ്ദേഹത്തിന് സാമൂഹിക മാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ദിവസം 'എക്‌സി'ൽ കടമക്കുടിയുടെ വീഡിയോ സഹിതം അദ്ദേഹം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. കാണാൻ കൊതിക്കുന്ന കടമക്കുടിയിൽ താൻ ഡിസംബറിൽ എത്തുമെന്ന അദ്ദേഹത്തിന്റെ കുറിപ്പ് ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ളവർ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഇത് അന്താരാഷ്ട്ര, ദേശീയ സഞ്ചാരികളെ കടമക്കുടിയിലേക്ക് ആകർഷിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടമക്കുടി ടൂറിസം വികസനത്തിന് എട്ട് കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ പരിശോധനയിലുള്ള വിശദമായ പദ്ധതി റിപ്പോർട്ടിന് ഉടൻ അംഗീകാരം ലഭിക്കും. വൈപ്പിൻ എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണനാണ് പദ്ധതിക്ക് തുക അനുവദിക്കുന്നത്.
സഞ്ചാരികൾക്ക് നടപ്പാത, കുടിലുകൾ, ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്, ഭക്ഷ്യ കിയോസ്‌കുകൾ, വാച്ച് ടവർ, ടോയ്‌ലറ്റുകൾ, വിശ്രമ സൗകര്യങ്ങൾ തുടങ്ങിയവ ഈ പദ്ധതിയിലൂടെ ഒരുക്കും. ഗ്രാമീണത നിലനിർത്തിയും പരിസ്ഥിതിക്ക് ദോഷകരമല്ലാതെയും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കും.
കടമക്കുടി: എട്ട് ദ്വീപുകളുടെ സൗന്ദര്യം
എറണാകുളത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരത്തിൽ വരാപ്പുഴയ്ക്ക് സമീപം 14 ദ്വീപുകൾ ചേർന്നാണ് കടമക്കുടി സ്ഥിതി ചെയ്യുന്നത്. വിശാലമായ പാടങ്ങൾ, മത്സ്യം വളർത്തൽ കേന്ദ്രങ്ങൾ, കയാക്കിംഗ്, ബോട്ടിംഗ് സൗകര്യങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. തനി ഗ്രാമീണതയും സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും മനം കുളിർപ്പിക്കുന്ന കാഴ്ചകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് കടമക്കുടി കാണാനെത്തുന്നത്. പിഴലപ്പാലം തുറന്നതോടെ അവിടേക്കും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ആനന്ദ് മഹീന്ദ്രയുടെ പോസ്‌റ്റ് കടമക്കുടിക്ക് ലഭിച്ച വലിയ അംഗീകാരവും അഭിമാനവുമാണ്. കൂടുതൽ സഞ്ചാരികൾ കടമക്കുടിയിലേയ്‌ക്ക് വരും.
മേരി വിൻസെന്റ്
പഞ്ചായത്ത് പ്രസിഡന്റ്
കടമക്കുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |