കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ കിരീടം ഉറപ്പിച്ച് കോതമംഗലം ഉപജില്ല. കൊടിയിറക്കത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ 280 പോയിന്റുമായി ബഹുദൂരം മുന്നിലാണ് കോതമംഗലം. 37 സ്വർണം, 27 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നില. ശക്തമായ വെല്ലുവിളി ഉയർത്തി പിന്നിലുള്ള അങ്കമാലിക്ക് 204 പോയിന്റുണ്ട്. 25 സ്വർണം, എട്ട് വെള്ളി, 20 വെങ്കലം എന്നിങ്ങനെയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരുടെ അക്കൗണ്ടിലുള്ള മെഡലുകൾ. പെരുമ്പാവൂരാണ് മൂന്നാം പടിയിൽ. 6 വീതം സ്വർണവും വെള്ളിയും 10 വെങ്കലവുമടക്കം 66 പോയിന്റ്. 57 പോയിന്റുമായി വൈപ്പിൻ മൂന്നാം സ്ഥാനം പിടിക്കാൻ പിന്നിലുണ്ട്. മൂന്ന് സ്വർണം, എട്ട് വെള്ളി, 7 വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ.
സ്കൂൾ ചാമ്പ്യൻപട്ടം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് നിലനിറുത്തി. 26 സ്വർണം, 20 വെള്ളി , 21 വെങ്കലമടക്കം 201 പോയിന്റ് നേടിയാണ് വിജയം ആവർത്തിച്ചത്. തൊട്ടു പിന്നിലുള്ള കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന് വെറും 70 പോയിന്റ് മാത്രമേ നേടാനായുള്ളൂ. 11 സ്വർണം, അഞ്ച് വെള്ളി എന്നിങ്ങനെയാണ് കീരമ്പാറയുടെ സമ്പാദ്യം. 5 വെള്ളി, 6 വെള്ളി, 8 വെങ്കല മടക്കം 51 പോയിന്റുമായി അങ്കമാലി എസ്. എച്ച് ഓർഫനേജ് സ്കൂളാണ് മൂന്നാമത്.
കോതമംഗം എം.എ കോളേജിൽ പുനരാരംഭിച്ച കായിക മേളയുടെ നാലാം ദിനത്തിൽ റെക്കാർഡ് ഒന്നും പിറന്നില്ല. രണ്ട് ഡബിൾ നേട്ടത്തിന് എം.എ കോളേജ് സാക്ഷിയായി. കാലടി നീലേശ്വരം എസ്.എൻ.ഡി.പി എച്ച്. എസിലെ സഞ്ജിത് നായിക്, കീരമ്പാറ സെന്റ് സ്റ്റീഫൻസിന്റെ അഭിന മരിയ ജെയിൽ എന്നിവരാണ് ത്രോ പറ്റുകളിൽ നിന്ന് ഇരട്ട സ്വർണം എറിഞ്ഞിട്ടത്. സീനിയർ, ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ ആകെ അഞ്ച് പേരാണ് മത്സരിച്ചത്, സീനിയറിൽ മൂന്നും ജൂനിയർ വിഭാഗത്തിൽ രണ്ടും. ഷോട്ട് പുട്ട്, ഹാമർ ത്രോ എന്നീ ഇനങ്ങളിലും മികച്ച പ്രകടനം ഉണ്ടായില്ല. ഇന്ന് ജാവ്‌ലിൻ ത്രോ മത്സരങ്ങളോടെ കായിക മേള സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |