
കൊച്ചി: സംസ്ഥാന ഭൂജലവകുപ്പിന്റെ ഡാറ്റകൾ അടങ്ങിയ ഔദ്യോഗിക ലാപ്‌ടോപ്പ് മോഷണം പോയി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഭൂജലവകുപ്പ് ഉദ്യോഗസ്ഥനിൽ നിന്നാണ് ലാപ്‌ടോപ്പ് ഉൾപ്പെടെ 1.70 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നത്.
മണ്ണൂത്തി ഓഫീസിലെ ഹൈഡ്രോ ജിയോളജിസ്റ്റ്, തിരുവനന്തപുരം വെമ്പായം ഇളവൂർക്കോണം സ്വദേശി നിയാസാണ് ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കയറിയ നിയാസ് എയർ കണ്ടീഷൻ കോച്ചിന്റെ സൈഡ് ബർത്തിൽ ലാപ്‌ടോപ്പ് അടങ്ങുന്ന ബാഗ് വച്ചിരുന്നത്. പുലർച്ചെ 4.45ന് എറണാകുളം സൗത്ത് (ജംഗ്ഷൻ) സ്റ്റേഷനിൽ എത്തിയപ്പോഴും ബാഗ് ബർത്തിലുണ്ടായിരുന്നു.
ട്രെയിൻ സൗത്ത് സ്റ്റേഷൻ വിട്ടപ്പോൾ നിയാസ് ഉറങ്ങിപ്പോയി. 49 മിനിറ്റ് കഴിഞ്ഞ് 5.34ന് ട്രെയിൻ അങ്കമാലി സ്റ്റേഷനിലെത്തി നിയാസ് ഉണർപ്പോൾ ബാഗ് ഉണ്ടായിരുന്നില്ല. ഭൂജലവകുപ്പിന്റെ ഒരു ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പും നിയാസിന്റെ 50,000 രൂപ വിലയുള്ള സ്മാർട്ട് മൊബൈൽ ഫോണും 3,000 രൂപയുടെ പവർ ബാങ്കും 4,000 രൂപയുടെ ഐഫോണും ഉൾപ്പെടെയാണ് നഷ്ടമായത്.
അന്വേഷണം ആരംഭിച്ചു
എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകൾക്കിടെയാണ് മോഷണം നടന്നതെന്നാണ് സൂചന്. തൃശൂർ റെയിൽവേ പൊലീസ് കേസെടുത്ത് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. ഹൈഡ്രോളജിയുമായി ബന്ധപ്പെട്ട നിരവധി ഡാറ്റകളും ഇ ഓഫീസ് രേഖകളും ലാപ്‌ടോപ്പിലുണ്ട്. എയർ കണ്ടീഷൻ കോച്ചിലെ സി.സി.ടി.വി. ക്യാമറ പരിശോധിക്കാൻ ആർ.പി.എഫ്. നടപടി തുടങ്ങി. രണ്ടുദിവസം മുമ്പ് മാവേലി എക്‌സ്പ്രസ്സിൽ യാത്ര ചെയ്ത തിരുവനന്തപുരം അയണിക്കാട് സ്വദേശിയായ യുവതിയുടെ ലാപ്‌ടോപ്പും എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകൾക്കിടെ മോഷണം പോയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |