
കോതമംഗലം: കടുവയും പുലിയും ആനയുമൊക്കെ കാടിറങ്ങും മുൻപ് തന്നെ ജനവാസ മേഖലയിലുള്ളവരെ അറിയിക്കാൻ നൂതന സംവിധാനം ഒരുക്കി കോതമംഗലം സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ക്രിസ്റ്റീന വിൻസെന്റും ഋഷിക പി. രാജനും. മൂന്ന് തരത്തിലുള്ള ലൈറ്റുകളും സെൻസറുകളും സ്ഥാപിച്ചാണ് ആദ്യപടിയായി വിവരം അറിയിക്കുന്നത്. ആദ്യ സെൻസർ ചെറുമൃഗങ്ങൾക്ക്, രണ്ടാമത്തേത് പുലിയും കടുവയും അടക്കമുള്ള മൃഗങ്ങൾക്ക്, മൂന്നാമത്തേത് ആനയ്ക്ക്.
പൊക്കത്തിനനുസരിച്ച് സെൻസർ മൃഗങ്ങളെ തിരിച്ചറിയും. തുടർന്ന് കാടിനടുത്ത് സ്ഥാപിക്കുന്ന അലാറം വലിയതോതിൽ മുഴങ്ങും. ഇതിനൊപ്പം മൃഗങ്ങളെ കാട്ടിലേക്ക് തിരികെ അയക്കാൻ അവരുടെ സഞ്ചാരപാതയിൽ സെൻസർ ചെയ്യുന്ന സമയത്ത് തന്നെ വലിയ ലൈറ്റുകൾ മിന്നി തെളിയും. ഇതോടെ മൃഗങ്ങൾ കാട്ടിലേക്ക്. ഇതും മറികടന്ന് മൃഗങ്ങൾ മുന്നോട്ടു നീങ്ങിയാൽ കാടിനെയും നാടിനെയും വേർതിരിക്കുന്നിടത്ത് വൈദ്യുതി വേലികൾ ഉണ്ടാകും. ഈ വൈദ്യുതി വേലികളിൽ മൃഗങ്ങളുടെ സ്പർശനമേറ്റാൽ ജനവാസ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ലൈറ്റുകൾ തെളിയുകയും അലാറം വലിയ ശബ്ദത്തിൽ മുഴങ്ങുകയും ചെയ്യും. വൈദ്യുതി വേലിയിൽ മൃഗങ്ങൾ സ്പർശിക്കുന്ന അതേ സമയത്ത് മൃഗങ്ങൾക്ക് എതിർ ദിശയിൽ നിന്ന് ഹാലജൻ ലൈറ്റുകൾ തെളിയും. അതും മൃഗങ്ങളെ തിരികെ കാടു കയറ്റും.
കാടിനുള്ളിൽ തീപിടിത്തം ഉണ്ടായാൽ ഓട്ടോമാറ്റിക്കായി സെൻസ് ചെയ്തു ബസറുകൾ മുഴങ്ങുകയും ജനവാസ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ബസറുകൾ മുഴങ്ങുകയും ലൈറ്റുകൾ തെളിയുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |