കൊച്ചി: രാത്രി ഹൈക്കോടതി ജഡ്ജിയെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചയാൾ മണിക്കൂറുകൾക്കകം അറസ്റ്റിലായി. ജഡ്ജിമാരോടും അഭിഭാഷകരോടുമുള്ള വിരോധംമൂലമാണ് ഇന്റർനെറ്റിൽ പരതി കിട്ടിയ നമ്പരിൽ വിളിച്ചതെന്ന് പ്രതി മൊഴിനൽകി. ഭാര്യയുടെ പരാതിയിൽ ഗാർഹിക നിരോധനിയമപ്രകാരം വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയ ആളാണ് പ്രതി.
ജഡ്ജിയെ വിളിച്ചത് രണ്ട് തവണ
വൈറ്റിലയിലെ ലോഡ്ജിൽ താമസിക്കുന്ന മുളന്തുരുത്തി കൊമരത്ത് വീട്ടിൽ കെ.ബി. ദീപുവാണ് (44) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരത്തിൽ ഔദ്യോഗിക സുരക്ഷാ സന്നാഹങ്ങളോടെ താമസിക്കുന്ന ഹൈക്കോടതി ജഡ്ജിയെ ബുധനാഴ്ച രാത്രി രണ്ട് തവണയാണ് ഫോണിൽ വിളിച്ചത്.
വീട്ടിലെ ലാൻഡ് ഫോണായതിനാൽ ജഡ്ജി തന്നെയാണ് ഫോൺ എടുത്തത്. ജഡ്ജിയുടെ വീടാണോയെന്ന് അന്വേഷിച്ച പ്രതി സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഫോൺ കൈമാറാനും ആവശ്യപ്പെട്ടു. ജഡ്ജിയാണ് സംസാരിക്കുന്നതെന്ന് അറിയിച്ച ശേഷം ഹൈക്കോടതി ജഡ്ജി ഫോൺ കട്ടാക്കി. ഇതിനുശേഷം രണ്ടാമതും ബെല്ലടിക്കുന്നത് കേട്ട് ഫോൺ എടുത്തപ്പോഴാണ് അധിക്ഷേപിച്ച് സംസാരിച്ചത്.
പിടിയിലായത് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിസരത്ത്
ജഡ്ജിയുടെ വീട്ടിലെ ലാൻഡ്ഫോണിലെ ഡിസ്‌പ്ലേയിൽ നിന്ന് നമ്പർ തിരിച്ചറിഞ്ഞ എറണാകുളം നോർത്ത് പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ രാത്രി തന്നെ തെരച്ചിൽ തുടങ്ങി. ഇതിനിടെ ജഡ്ജിയുടെ രേഖാമൂലമുള്ള പരാതിയും പൊലീസിന് ലഭിച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൂടെ വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ ‘എന്ത് കാര്യത്തിന്’ എന്നായിരുന്നു ആദ്യ ചോദ്യം. ജഡ്ജിയെ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും കൈവശമുണ്ടായിരുന്നു.
മരട് പൊലീസ് സ്റ്റേഷനിലും കേസ്
ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ഭാര്യ നൽകിയ പരാതിയിലാണ് കുടുംബസമേതം താമസിക്കുന്ന വീട്ടിൽ പ്രവേശിക്കുന്നതിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതു വകവെയ്ക്കാതെ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായപ്പോൾ ഭാര്യ മരട് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് ഇയാൾ വൈറ്റിലയിലെ ലോഡ്ജിലേക്ക് താമസം മാറ്റിയത്. വിദേശത്ത് ഓയിൽ റിഫൈനറി ജീവനക്കാരനായിരുന്ന പ്രതിക്ക് ഈ സംഭവം കഴിഞ്ഞതോടെ ജഡ്ജിമാരോടും വക്കീലൻമാരോടും മനസിൽ വിദ്വേഷമാണ്.
സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു
പ്രതിക്കെതിരെ കൂടുതൽ കർശന നടപടികൾ വേണ്ടെന്ന് ജഡ്ജി നിർദേശിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വൈകിട്ടോടെ ജാമ്യം നൽകി വിട്ടയച്ചു. ജഡ്ജിയെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചതുൾപ്പെടെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി നിരീക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |