കൊച്ചി: ഇനി കൊച്ചിക്ക് ബിനാലെ ദിനരാത്രങ്ങൾ. കൊച്ചി -മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്നലെ തിരിതെളിഞ്ഞു. പൊതുജനങ്ങൾക്ക് ഇന്നുമുതൽ വേദികളിൽ പ്രവേശനമുണ്ട്. 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഇത്തവണയുള്ളത്. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ ഇന്ന് മുതൽ മാർച്ച് 31 വരെ നടക്കും.
വില്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന വേദികളായ ആസ്പിൻവാൾ ഹൗസ് (കയർ ഗോഡൗൺ, ഡയറക്ടേഴ്‌സ് ബംഗ്ലാവ്), ആനന്ദ് വെയർഹൗസ്, എസ്.എം.എസ് ഹാൾ, 111 മർക്കസ് ആൻഡ് കഫെ, എറണാകുളം ഡർബാർ ഹാൾ, പെപ്പർ ഹൗസ്, സ്‌പേസ് (ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ്), ഐലൻഡ് വെയർഹൗസ് എന്നിവിടങ്ങളിലെ പ്രദർശനങ്ങൾക്ക് ടിക്കറ്റ് നിർബന്ധം. ആകെയുള്ള 22 വേദികളിൽ ബാക്കിയുള്ളവയിൽ പ്രവേശനം സൗജന്യം.
ഗ്ലോബൽ സൗത്തിൽ നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിർത്തുന്ന കലാകാരന്മാർ, കൂട്ടായ്മകൾ എന്നിവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് ആരംഭിച്ച 'ഇൻവിറ്റേഷൻസ് പ്രോഗ്രാം’ ഏഴ് വേദികളിലായി നടക്കും. വിദ്യാർത്ഥി കലാകാരന്മാരുടെ പ്രോജക്ടുകൾ അവതരിപ്പിക്കുന്ന 'സ്റ്റുഡന്റ്‌സ് ബിനാലെ’യുടെ വേദി മട്ടാഞ്ചേരിയിലെ വി.കെ.എൽ വെയർഹൗസാണ്. ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ക്യുറേറ്റ് ചെയ്യുന്ന 'ഇടം’ പ്രദർശനം മട്ടാഞ്ചേരി ബസാർ റോഡിലെ മൂന്ന് വേദികളിൽ നടക്കും. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ 'സിക്‌സ് സ്റ്റേഷൻസ് ഒഫ് എ ലൈഫ് പർസ്യൂഡ്' എന്ന ഫോട്ടോഗ്രാഫി അധിഷ്ഠിത ഇൻസ്റ്റലേഷൻ മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്പേസിൽ പ്രദർശിപ്പിക്കും.
ബിനാലെ നിരക്കുകൾ
18 മുതൽ 60 വയസുവരെയുള്ളവർക്ക് 200 രൂപയാണ് ഒരു ദിവസത്തെ നിരക്ക്. തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്ന വിദ്യാർഥികൾക്കും 60 കഴിഞ്ഞ മുതിർന്നവർക്കും 100 രൂപ മതി. 10 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. പുറമെ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റും ലഭ്യം. വ്യക്തിഗതമായോ ഗ്രൂപ്പായോ ഇവ വാങ്ങാം. വയോജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരാഴ്ചത്തേക്ക് 500 രൂപയാണ് നിരക്ക്. മറ്റുള്ളവർക്ക് 1000 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |