
കൊച്ചി: വാർഡുകളിലും ഡിവിഷനുകളിലുമായി യു.ഡി.എഫ് ഇത്തവണ കൈപ്പിടിയിലൊതുക്കിയത് 1290ലധികം സീറ്റുകൾ. 2020ൽ 880മേലെ സീറ്റുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. 410ൽ അധികം സീറ്റുകളാണ് വർദ്ധിച്ചത്. യു.ഡി.എഫ് തരംഗത്തിൽ ഇടത് മുന്നണിയുടെ 162ലധികം സീറ്റുകൾ ഇത്തവണ ഒലിച്ചുപോയി. ബി.ജെ.പി 19 സീറ്റുകൾ ഉയർത്തി. പഞ്ചായത്തുകളിലെ മികച്ച മുന്നേറ്റമാണ് യു.ഡി.എഫിന് നേട്ടമായത്. വാർഡുകൾ ഉയർന്നതും ഗുണംചെയ്തു.
യു.ഡി.എഫിനെ ചേർത്തുനിറുത്തുന്ന ജില്ലയാണ് എറണാകുളം. ഇടത് തരംഗത്തിൽപ്പോലും യു.ഡി.എഫ് കോട്ടയ്ക്ക് ഉലച്ചിലുണ്ടായിരുന്നില്ല. ഇന്നിപ്പോൾ കോൺഗ്രസിന്റെ ഉരുക്കുകോട്ട കൂടുതൽ ശക്തമെന്ന് കാട്ടിത്തരുന്നു തിരഞ്ഞെടുപ്പ് ഫലം. 82 പഞ്ചായത്തുകളിൽ 66 എണ്ണം യു.ഡി.എഫിനൊപ്പം നിന്നു. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 എണ്ണവും ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളും 12 മുനിസിപ്പാലിറ്റികളും കൊച്ചി കോർപ്പറേഷനിൽ 47 സീറ്റും നേടിയാണ് ജില്ലയിൽ യു.ഡി.എഫ് കരുത്തുകാട്ടിയത്.
പഞ്ചായത്തുകളിൽ 838 സീറ്റുകൾ നേടിയപ്പോൾ ബ്ലോക്ക് പഞ്ചായത്തിൽ 154 സീറ്റും 13 മുനിസിപ്പാലിറ്റികളിലായി 227ലധികം സീറ്റുകളും യു.ഡി.എഫ് സ്വന്തമാക്കി.
2020ൽ 47 പഞ്ചായത്തുകളിലായി 568ലധികം സീറ്റും ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ 90ന് മുകളിലും ജില്ലാ പഞ്ചായത്തിൽ 16 സീറ്റും 10 മുനിസിപ്പാലിറ്റികളിൽ 176 ലേറെ സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.
ഇടതിന് വൻ ഇടിവ്
ജില്ലയിൽ എൽ.ഡി.എഫിന് കരുത്ത് ബ്ലോക്ക് പഞ്ചായത്തുകളായിരുന്നു. 2020ൽ 14 ബ്ലോക്കിൽ പതിമൂന്നും ചുവന്നപ്പോൾ ഇക്കുറി എല്ലാം തകിടംമറിഞ്ഞു. വൈപ്പിൻ ഒഴികെ മറ്റെല്ലാം ബ്ലോക്കും നഷ്ടമായി. ആകെ 36 സീറ്റുകളേ ബ്ലോക്കിൽ നിന്ന് സ്വന്തമാക്കാനായുള്ളൂ. 82 പഞ്ചായത്തിൽ നേടാനായത് ഏഴെണ്ണം മാത്രം. ആകെ ലഭിച്ചത് 154ലധികം സീറ്റ്. ഏഴ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്ന് പേർ മാത്രം. മുനിസിപ്പാലിറ്റി ഒന്ന് പോലും നേടാനായില്ല. 447 സീറ്റുകളിൽ ചുവന്നത് 108ലധികം മാത്രം. ഭരണത്തുടർച്ച സ്വപ്നംകണ്ട കൊച്ചി കോർപ്പറേഷനിൽ 22 സീറ്റിൽ ഒതുങ്ങി.
താമരയ്ക്ക് നേരിയ വളർച്ച
2020ൽ ജില്ലയിൽ ആകെ 85 സീറ്റുകൾ സ്വന്തമാക്കിയ ബി.ജെ.പി 19 സീറ്റുകൾ കൂട്ടി താമര വാടാതെ കാത്തു. രണ്ട് പഞ്ചായത്തുകളിലെ മേൽക്കെ നഷ്ടപ്പെട്ടെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിലെ വമ്പൻ വിജയവും കൊച്ചി കോർപ്പറേഷനിലെ മികവുമാണ് ബി.ജെ.പിക്ക് നേരിയ ആശ്വാസമായത്. ആകെ 104 സീറ്റേ ജില്ലയിൽ നേടാനായുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |