
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ഏറ്റവും വലിയ പ്രദർശനയിടമായ വെല്ലിംഗ്ടൺ ഐലൻഡ് വെയർഹൗസ് പവലിയനിലേയ്‌ക്ക് കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചെടുക്കുന്നു. 20,000 ചതുരശ്ര അടിയാണ് പവലിയന്റെ വിസ്തീർണം.
കൊച്ചിയിലെ വ്യാവസായിക പൈതൃക കേന്ദ്രത്തിലാണ് ഐലൻഡ് വെയർഹൗസ് പവലിയൻ ഒരുക്കിയിരിക്കുന്നത്. തുറമുഖത്തെ സംഭരണകേന്ദ്രമാണ് പവലിയനായി മാറ്റിയത്. ലടോയ റൂബി ഫ്രേസിയർ, ഡിനിയോ, സേഷീ, ബോപാപെ, ആരതി കദം, മീനു ജെയിംസ്, ഖഗേശ്വർ റൗട്ട്, സബിത കടന്നപ്പള്ളി, രാജ ബോറോ, ലക്ഷ്മി നിവാസ് കളക്‌ടീവ്, സായൻ ചന്ദ, വിനോജ ധർമ്മലിംഗം, മറീന അബ്രമോവിച്ച് തുടങ്ങിയവരുടെ പ്രദർശനങ്ങളാണ് പവലിയനിൽ ഒരുക്കിയത്.
തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ബിനാലെയുടെ പ്രധാനവേദിയായ ഫോർട്ടുകൊച്ചിയിൽ നിന്ന് ബോട്ടിൽ അഞ്ചു മിനിറ്റ് കൊണ്ട് ഐലൻഡിലെ പവലിയനിൽ എത്തിച്ചേരാനാവും.
ബിനാലെ ക്യുറേറ്റർ നിഖിൽ ചോപ്ര, കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെ.ബി.എഫ് ചെയർപേഴ്‌സൺ ഡോ.വി.വേണു എന്നിവർ ഞായറാഴ്ച പവലിയൻ സന്ദർശിച്ചിരുന്നു.
നഗരത്തിലെ വേദികളിലും മട്ടാഞ്ചേരി, ഫോർട്ട് കൊച്ചിയിലെ വേദികളിലും നേരത്തെ പ്രദർശനം ആരംഭിച്ചു. ഐലൻഡ് പവലിയൻ തുറന്നതോടെ ബിനാലെയുടെ പ്രധാന വേദികളിലെല്ലാം സന്ദർശകരുടെ തിരക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |