കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ഇടതുപക്ഷത്തിന് കിട്ടിയത് സമാനതകളില്ലാത്ത തിരിച്ചടി. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായ ചർച്ചകൾ മുതൽ മുന്നണിയിലും സി.പി.എമ്മിലും സി.പി.ഐയിലും ഉൾപ്പെടെയുണ്ടായ തമ്മിലടിയും കലഹവുമാണ് മുന്നണിക്ക് വിനയായത്. ജില്ലയിലെ എൽ.ഡി.എഫിന്റെ സ്ഥിതി ഇത്രമേൽ ദുരിതപൂർണമാക്കിയതിന് പിന്നിൽ തമ്മിലടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പറവൂരിലെ പ്രശ്‌നങ്ങളിൽ തുടങ്ങിയതാണ് സി.പി.ഐയിലെ കലഹം. നൂറോളം പേരാണ് അന്ന് സി.പി.ഐ വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറിയത്. പിന്നാലെ സി.പി.എമ്മിൽ നിന്ന് 50ലേറെപ്പേർ സി.പി.ഐയിലേക്കും കൂറുമാറി. മുന്നണിയിലും പാർട്ടികളിലുമുള്ള പ്രശ്‌നങ്ങളിൽ കുരുങ്ങിയ പറവൂർ ബ്ലോക്കിൽ ആകെയുള്ള 14ൽ എൽ.ഡി.എഫിന് കിട്ടിയത് അഞ്ച് സീറ്റ് മാത്രം. കഴിഞ്ഞ തവണ പത്ത് സീറ്റുകളുമായി ഭരണം എൽ.ഡി.എഫിനായിരുന്നുവെന്നതാണ് ശ്രദ്ധേയം.
സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ സി.പി.എം- സി.പി.ഐ തർക്കം നിലനിന്നിരുന്ന തൃക്കാക്കരയിലും പണി പാടേ പാളി. വിവാദങ്ങളിൽപ്പെട്ട് യു.ഡി.എഫ് വമ്പൻ പരാജയമേറ്റുവാങ്ങുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന തൃക്കാക്കരയിൽ കഴിഞ്ഞതവണത്തെ സീറ്റിൽ നിന്ന് അവർ 28ലേക്ക് ഉയർത്തി. കഴിഞ്ഞ തവണ 13സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് സീറ്റെണ്ണം 18ആക്കി ഉയർത്തിയത് മാത്രമാണ് ആശ്വാസം.
കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയ സമയത്തും ഇടതിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നിരുന്നു. ഫലം വന്നപ്പോൾ 29ൽ നിന്ന് 20 സീറ്റിലേക്ക് കൂപ്പുകുത്തി. ഡെപ്യൂട്ടി മേയറായിരുന്ന നേതാവ് രാജിവച്ചതുൾപ്പെടെ പ്രതിസന്ധി നേരിട്ട സി.പി.ഐ ഒരൊറ്റ സീറ്റിലേക്കൊതുങ്ങി.
14 ബ്ലോക്ക് പഞ്ചായത്തിൽ ഒന്നിൽപോലും ചുവപ്പ് വിരിഞ്ഞില്ല. അങ്കമാലി, മൂവാറ്റുപുഴ, വാഴക്കുളം ബ്ലോക്കുകളിൽ ഒരൊറ്റ സീറ്റുപോലുമില്ലാതെ എൽ.ഡി.എഫ് നാണംകെട്ടു. മൂന്നിടത്തും സ്ഥാനാർത്ഥി നിർണയ സമയത്ത് അപസ്വരങ്ങൾ ഉയർന്നിരുന്നു. ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകളുണ്ടെന്ന് പ്രാദേശിക തലത്തിൽ ഉൾപ്പാർട്ടി പ്രശ്‌നമായി ഉയർന്നെങ്കിലും പുനരാലോചന സാദ്ധ്യമായില്ല. ഇതോടെ ആകെയുള്ള 202 ബ്ലോക്ക് സീറ്റുകളിൽ 36ലേക്ക് എൽ.ഡി.എഫ് കൂപ്പുകുത്തി.
കോതമംഗലത്ത് ഉൾപ്പെടെ പലയിടത്തും ഘടകക്ഷികൾക്ക് അർഹമായ പ്രാധാന്യം സി.പി.എം നൽകുന്നില്ലെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ഇതും തകർച്ചയുടെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |