
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണത്തിനിടെ പാലാരിവട്ടത്ത് പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയ സംഭവം നാടിനെയാകെ വലച്ചു. തുടർച്ചയായ രണ്ടാം തവണയും പൈപ്പ് പൊട്ടിയതോടെ അഞ്ച് ദിവസമായി കുടിവെള്ളം മുടങ്ങിയ അവസ്ഥയിലായി പാലാരിവട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ. ആയിരത്തിലേറെ കുടുംബങ്ങളെയാണ് പ്രശ്നം ബാധിച്ചത്. ഇന്നലെ വൈകിയും പലയിടങ്ങളിലും വെള്ളമെത്തിയില്ല.
60ലേറെ ടാങ്കറുകളിൽ ജല അതോറിറ്റിയുടെ മരടിലെ പ്ലാന്റിൽ നിന്ന് വെള്ളമത്തിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും അത് പൂർണതോതിൽ നടപ്പായില്ല. കെ.എം.ആർ.എല്ലിന്റെ ചെലവിൽ വെള്ളമെത്തിക്കുമെന്നായിരുന്നു കളക്ടർ പറഞ്ഞിരുന്നത്. കലൂർ, കറുകപ്പള്ളി, പാലാരിവട്ടം, തമ്മനം, പാടിവട്ടം, ഇടപ്പള്ളി, അഞ്ചുമന, പോണേക്കര, എളമക്കര, ചേരാനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയും പൂർണതോതിൽ കുടിവെള്ള വിതരണം പുനരാരംഭിക്കപ്പെട്ടിട്ടില്ല.
പൈലിംഗ് കൂടിയാലോചനക്ക് ശേഷം മാത്രം
മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ തുടർന്നുള്ള പൈലിംഗുകൾ കെ.എം.ആർ.എൽ വാട്ടർ അതോറിറ്റിയുമായി കൂടിയാലോചിച്ചതിനു ശേഷം മാത്രം മതിയെന്ന് ഇന്നലത്തെ യോഗം തീരുമാനിച്ചു. പൈൽ ചെയ്യേണ്ട സ്ഥലത്തെ മണ്ണ് നീക്കിയ ശേഷം വാട്ടർ അതോറിറ്റി അധികൃതരെത്തി പരിശോധിച്ച് വാക്കാലെങ്കിലുമുള്ള ഉറപ്പ് നൽകിയ ശേഷം മാത്രമേ പൈലിംഗ് ആരംഭിക്കാവൂ എന്നാണ് നിർദ്ദേശം. തുടർന്നുള്ള പൈലിംഗ് നടപടികൾക്കും സമാന സംഭവങ്ങളുണ്ടായാൽ പരിഹാരത്തിനുമായി കളക്ടർ, കെ.എം.ആർ.എൽ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന കൂട്ടായ്മയ്ക്ക് ഇന്നലെ യോഗം രൂപം നൽകി.
വിശദ പദ്ധതിയുണ്ടാക്കും
തുടർന്നുള്ള പൈലിംഗ് ജോലികൾ പരിഗണിച്ച് വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നു (റീ ലൈനിംഗ്) ആവശ്യപ്പെട്ട വാട്ടർ അതോറിറ്റിയും ഒപ്പം കെ.എം.ആർ.എല്ലും വിശദമായ പദ്ധതികൾ സമർപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൈപ്പുകൾ പൊട്ടാതെ എങ്ങനെ പൈലിംഗ് പൂർത്തീകരിക്കാം, റീ ലൈനിംഗിന്റെ ആവശ്യം-എസ്റ്റിമേറ്റ് തുടങ്ങിയവ ഉൾപ്പെടുത്തിയാകും റിപ്പോർട്ട്.
ആദ്യം പൈപ്പ് പൊട്ടിയത്-- പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്ക് സമീപം
രണ്ടാമത് പൊട്ടിയത്--- കലൂർ സ്റ്റേഡിയത്തിനു സമീപം
പൊട്ടിയത് 300എം.എം കാസ്റ്റ് അയേൺ പൈപ്പ്
എത്രയും വേഗത്തിൽ തകരാർ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇന്നലെ തന്നെ പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്
പി.എച്ച്. ഹാഷിബ്
വാട്ടർ അതോറിറ്റി ഇ.ഇ
പള്ളിമുക്ക് സെക്ഷൻ
വിവിധ വകുപ്പുകൾ യോജിച്ച് നീങ്ങാനാണ് നിർദ്ദേശം നൽകിയത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണും.
ഉമാ തോമസ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |