SignIn
Kerala Kaumudi Online
Thursday, 19 February 2026 12.36 AM IST

കൊടകര കേസ് കോടതിമാറ്റം: ഒരേ ജഡ്‌ജി, രണ്ട് വിചാരണ; ശിക്ഷാവിധി രണ്ടായി

Increase Font Size Decrease Font Size Print Page

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന 5.56 കോടി രൂപ കൊടകരയിൽ കാറിൽ നിന്ന് കൊള്ളയടിച്ചത് സംബന്ധിച്ച പൊലീസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും കേസുകൾ കൊച്ചിയിലേക്ക് മാറ്റിയാൽ ഒരേ ജഡ്‌ജി രണ്ട് കേസുകളിലും ഒരേസമയം വിചാരണ നടത്തും. രണ്ട് കേസുകളിലും പ്രത്യേകം വിധികൾ പുറപ്പെടുവിക്കുമെങ്കിലും ആദ്യം പൊലീസ് കേസിലാകും വി​ധി​ പറയുക.

ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽനിന്ന് കൊച്ചിയിലെ കള്ളപ്പണ നിരോധനനിയമ (പി.എം.എൽ.എ) കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ സർക്കാർ എതിർക്കുന്നതായി 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.

പൊലീസിന്റെയും ഇ.ഡിയുടെയും കുറ്റപത്രങ്ങളിൽ പണം കൊള്ളയടിച്ചെന്ന കുറ്റമാണ് പ്രധാനമായി ചുമത്തിയത്. രണ്ട് കോടതികളിലെ വിചാരണ ഇരട്ടിപ്പണിയാണെന്നാണ് ഇ.ഡിയുടെ നിലപാട്. പ്രാമുഖ്യമുള്ള പി.എം.എൽ.എ കോടതിയി​ലേക്ക് പൊലീസ് കേസും മാറ്റണം.

കോടതി മാറ്റിയാൽ രണ്ട് കുറ്റപത്രങ്ങളിലും ഒരേ ജഡ്‌ജി വിചാരണ നടത്തും. രണ്ട് കേസുകളിലും 23പ്രതികളും ഒന്നാണ്. ആദ്യകേസ് രജിസ്റ്റർചെയ്ത പൊലീസിന്റെ കുറ്റപത്രത്തിൽ ആദ്യം ശിക്ഷ വിധിക്കും. ഇ.ഡി കേസിൽ രണ്ടാമതും.

ഒരേ ജഡ്‌ജി രണ്ട് കേസുകളും വിചാരണ ചെയ്യുന്നത് കുറ്റകൃത്യം വ്യക്തമായി പഠിക്കാനും രണ്ട് കോടതികളുടെ വിധികളിലെ വൈരുദ്ധ്യം ഒഴിവാക്കാനും സഹായിക്കുമെന്നാണ് ഇ.ഡിയുടെ വാദം. കോടതി മാറ്റണമെന്ന അപേക്ഷ ഇരിങ്ങാലക്കുട സെഷൻസ് കോടതി നിരസിച്ചാൽ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചേക്കും.

മാറ്റേണ്ട സാഹചര്യമില്ല

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന കുഴൽപ്പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇ.ഡി രാഷ്ട്രീയബന്ധം തള്ളിയിട്ടുണ്ട്. അതിനാൽ കോടതിമാറ്റത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നു. കെ.സുരേന്ദ്രന്റെ ഉൾപ്പെടെ മൊഴിയെടുത്ത കേസാണിത്.

കോടതി മാറ്റേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.കെ.രാജു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

TAGS: LOCAL NEWS, ERNAKULAM, KODAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY