
കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കിൽ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകൾ നിലനിർത്തിയപ്പോൾ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ നിർണ്ണായക ശക്തിയായി. പുത്തൻകുരിശ് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സാന്നിദ്ധ്യമറിയിച്ചു.
ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ അക്കൗണ്ട് തുറക്കാനായി. കൂടാതെ പൂതൃക്കയിൽ ഏഴ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ രണ്ട് സീറ്റ്, തിരുവാണിയൂർ പഞ്ചായത്തിൽ ഒൻപത് സീറ്റ്, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തിൽ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ ആറ് വാർഡും ഒരു ബ്ലോക്ക് ഡിവിഷനും കരസ്ഥമാക്കി.
കിഴക്കമ്പലത്ത് ഇടതു-വലതു മുന്നണികളുടെ കൂട്ടായ്മ ട്വന്റി 20ക്കെതിരെ മത്സരരംഗത്ത് വന്നെങ്കിലും ഏഴ് വാർഡുകളിൽ ഒതുങ്ങി. 14 വാർഡുകളും ട്വന്റി 20 നിലനിർത്തി.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ 154 പഞ്ചായത്ത് വാർഡുകളിൽ വാഴക്കുളത്തെ 24 വാർഡുകളിലും കുന്നത്തുനാട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലും മാത്രമാണ് ട്വന്റി 20 വിട്ടുനിന്നത്. ഇടതു-വലത്-എൻ.ഡി.എ മുന്നണികൾ ട്വന്റി 20യുമായി നേർക്കുനേർ മത്സരമായിരുന്നു നടന്നത്.
കുന്നത്തുനാട് നിയമസഭാ മണ്ഡലം
പഞ്ചായത്തുകൾ: 8
ആകെ വാർഡുകൾ: 154
ട്വന്റി 20 മത്സരിച്ചത്: 128
വിജയിച്ചത്:
ട്വന്റി 20: 62
യു.ഡി.എഫ്: 35
എൽ.ഡി.എഫ്: 22
എൻ.ഡി.എ: 01
മറ്റുള്ളവർ: 08
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ട്വന്റി 20ക്കും കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളിൽ യു.ഡി.എഫിനുമാണ് കേവല ഭൂരിപക്ഷം. മറ്റ് നാല് പഞ്ചായത്തുകളിലും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും ആർക്കും ഭൂരിപക്ഷമില്ല.
പൂതൃക്ക, പുത്തൻകുരിശ് പഞ്ചായത്തുകളിൽ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ ഉറച്ചകോട്ടയായ തിരുവാണിയൂരിലടക്കം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഐക്കരനാട് പഞ്ചായത്ത് ഇക്കുറിയും തൂത്തുവാരി. വാഴക്കുളം ബ്ലോക്കിലെ പുക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി 20 നിലനിറുത്തി.
കേരളത്തിലെ മുഴുവൻ പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ ഒറ്റയ്ക്കാണ് പാർട്ടി മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും മികച്ച വോട്ട് വിഹിതം നേടാനായി. ഭാവി പരിപാടികൾ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും
എം. സാബു ജേക്കബ്
സംസ്ഥാന പ്രസിഡന്റ്
ട്വന്റി 20
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |