
ആലുവ: പ്രായം കടന്നുപോകുമ്പോഴും സൈക്കിളിനോടുള്ള പ്രിയം വിടാത്ത സുഗതന് 80 -ാം പിറന്നാളിൽ സമ്മാനമായി കിട്ടിയതും സൈക്കിൾ. തുരുത്തിലെ അറിയപ്പെടുന്ന ജൈവകർഷകനും കത്തെഴുത്തുകാരനും വായനക്കാരനും സൈക്കിൾ സവാരിക്കാരനുമായ സുഗതൻ ആയില്യത്തിന്റെ യാത്രകൾ ഇനി പുതിയ സൈക്കിളിലായിരിക്കും.
കഴിഞ്ഞ ദിവസം സുഗതന്റെ എൺപതാം പിറന്നാളിൽ ഇളയമകൻ സജീഷാണ് പിറന്നാൾ സമ്മാനമായി പുതിയ സൈക്കിൾ നൽകിയത്. പുതിയത് കിട്ടിയെങ്കിലും അഞ്ചു ദശാബ്ദത്തോളമായി തന്റെ സന്തതസഹചാരിയായിരുന്ന പഴയ ഹെർക്കുലീസ് സുഗതൻ കൈവിട്ടില്ല. പുതിയതിനൊപ്പം പഴയസൈക്കിളും ഉപയോഗിക്കുമെന്ന് സുഗതൻ പറയുന്നു. ഇത്രയും കാലം തന്റെ യാത്രാനുഭവത്തെ സുന്ദരവും സുരക്ഷിതവുമാക്കിയ പെഡൽചക്ര വാഹനത്തെ ചെറിയ ദൂരങ്ങൾക്കായും ദീർഘദൂരങ്ങൾക്ക് പുതിയത് ഉപയോഗിക്കാനുമാണ് തീരുമാനം.
12 -ാം വയസിൽ തുടങ്ങിയ സൈക്കിൾ സവാരിയാണ്. സർക്കാർ സർവീസിലുള്ളപ്പോഴും ഔദ്യോഗിക യാത്രകൾ സൈക്കിളിലായിരുന്നു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റിൽ ജീവനക്കാരനായിരിക്കുമ്പോൾ വട്ടിയൂർക്കാവിലെ വീട്ടിൽ നിന്ന് ദിവസവും സൈക്കിളിലാണ് ജോലിക്ക് പോയിരുന്നത്. ഇപ്പോഴും ദിവസം ചുരുങ്ങിയത് 25 കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടും. തുരുത്ത് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ, സീനിയർ സിറ്റിസൺസ് വെൽഫയർ ഫോറം, തുരുത്ത് എരുത്തിക്കാവ് മന ദുർഗ്ഗാ ക്ഷേത്രം എന്നിവയുടെ പ്രസിഡന്റാണ് സുഗതൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |