കൊച്ചി: ഓർത്തോർത്തു ചിരിക്കാൻ ഒട്ടനവധി സിനിമാ മുഹൂർത്തങ്ങൾ മലയാളിക്ക് നൽകിയ, കാമ്പുള്ള സിനിമകൾ മലയാളിക്ക് സമ്മാനിച്ച നടനും തിരക്കഥാകൃത്തുമൊക്കെയായി ചലച്ചിത്ര വിഹായസിൽ നിറഞ്ഞു നിന്ന ശ്രീനിവാസന് കണ്ണീരോടെ വിട നൽകി നാടും ചലച്ചിത്ര ലോകവും. ഇന്നലെ രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിര്യാതനായ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലേക്ക് നാടിന്റെ നാനഭാഗത്തു നിന്നുള്ളവർ കൂട്ടമായെത്തി.
രാവിലെ പത്തോടെ വീട്ടിലെത്തിച്ച പ്രിയനടന്റെ ഭൗതിക ദേഹം ഒരുനോക്ക് കാണാൻ നാടും നഗരവും പാലാഴി വീട്ടിലേക്ക് ഒഴുകിയെത്തി. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതിനും അപ്പുറമായി. നടന്മാരായ മമ്മൂട്ടി, കുഞ്ചൻ, അജു വർഗീസ്, ബാബുരാജ്, സോഹൻ സീനുലാൽ, നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി, രേവതി, സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ, നിർമ്മാതാക്കളായ രഞ്ജിത്, എൻ.എം. ബാദുഷ, ആന്റോ ജോസഫ്, ഉദയകൃഷ്ണ, സംവിധായകൻ രഞ്ജിത്, മുൻ എം.പി പി.സി. ചാക്കോ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര വീട്ടിലേക്കെത്തി.
നാട്ടുകാരും അയൽക്കാരുമായവർ അണമുറിയാതെ എത്തിക്കൊണ്ടിരുന്നതിനിടയിൽ വീട്ടിലെ പൊതുദർശനം ഉച്ചയ്ക്ക് 12ഓടെ വളരെ വേഗത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇവിടെ നിന്ന് എറണാകുളം ടൗൺഹാളിലേക്ക് കൊണ്ടുപോകുന്നതിനായി മൃതദേഹം ആംബുലൻസിൽ കയറ്റുന്നതിനു പോലും ഏറെ പണിപ്പെടണ്ടി വന്നു.
സിനിമാ ആവശ്യങ്ങൾക്കും അല്ലാതെയും പൊതു- സ്വകാര്യ പരിപാടികൾക്കുമൊക്കെയായി നിരവധി തവണ ശ്രീനിയെത്തിയിട്ടുള്ള, നർമ്മങ്ങൾ പങ്കുവെച്ചിട്ടുള്ള ടൗൺഹാളിന്റെ മുറ്റത്തേക്ക് ആംബുലൻസ് എത്തുമ്പോഴേക്ക് ഉറ്റ സുഹൃത്തക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം അവിടെ നിറഞ്ഞു. ടൗൺഹാളിന്റെ സ്‌റ്റേജിൽ പോതുദർശനത്തിനുവച്ച മൃതദേഹത്തിൽ ഉറ്റവരോരുത്തരായെത്തി വിടചൊല്ലി. സത്യൻ അന്തിക്കാടിന്റെയും മോഹൻലാലിന്റെയുമെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. സഹപ്രവർത്തകർക്കെല്ലാം പറയാൻ ഓരോ ശ്രീനിക്കഥകൾ... നർമ്മ മുഹൂർത്തങ്ങൾ.
ഇനിയതിനൊന്നും ആവർത്തനമില്ലാതെ നിത്യനിദ്രയയിൽ ശ്രീനിവാസനും. ഒടുവിൽ വൈകിട്ട് മൂന്നരയോടെ ഭൗതിക ശരീരം കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി പൊതുദർശനം അവസാനിപ്പിക്കുമ്പോഴും പ്രിയ നടനെ ഒരുനോക്കു കാണാൻ ആളുകൾ ടൗൺഹാളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇന്നലെ രാത്രി കണ്ടനാട്ടെ വീട്ടിലെത്തിയ ശ്രീനിവാസന്റെ ഭൗതിക ശരീരം ഇന്ന് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |