തൃപ്പൂണിത്തുറ: 2004 ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ കണ്ടനാട് 75 സെന്റ് സ്ഥലം വാങ്ങി പാടത്തിന് സമീപം പരിസ്ഥിതി സൗഹൃദ ഭവനം നിർമ്മിച്ച് ജൈവകൃഷി തുടങ്ങുമ്പോൾ ശ്രീനിവാസന്റെ ഉള്ളിൽ ആഗ്രഹങ്ങൾ പലതായിരുന്നു. അതിൽ മിക്കതും സഫലമാക്കിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. കീടനാശിനികൾ പ്രയോഗിച്ച പച്ചക്കറികൾ ഒഴിവാക്കാനുള്ള ശ്രമം ആദ്യ ശ്രമത്തിൽ തന്നെ വിജയം കണ്ടു. വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിച്ച് നാട്ടുകാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കിയതോടൊപ്പം നല്ല ഭക്ഷണം കഴിച്ച് സ്വസ്ഥമായ ജീവിതം നയിക്കുകയായിരുന്നു ലക്ഷ്യം. വിഷരഹിതമായ കൃഷിയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. ആ സ്വപ്ന വയലിലേക്ക് അദ്ദേഹം നടന്നത് പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. നാട്ടുകാരെയും ഒപ്പം കൂട്ടി. ജൈവകൃഷിയുടെ പ്രചാരകൻ ആയതോടൊപ്പം തന്നെ സൂര്യകാന്തി കൃഷിയും കണ്ടനാടിന് നൽകി.
2023ൽ 2 ഏക്കറിൽ ആയിരുന്നു നെൽക്കൃഷി. ഉദയംപേരൂർ ജൈവ കാർഷിക സമിതി പോലുള്ള കൂട്ടായ്മകളെയും മറ്റു കർഷകരെയും ചേർത്ത് കണ്ടനാട്ടിൽ വലിയ കൂട്ടായ്മ അദ്ദേഹം സൃഷ്ടിച്ചിരുന്നു. ശ്രീനിയുടെ കൃഷിയിടത്തിൽ വിളയാത്ത ഒരു പച്ചക്കറിയും ഉണ്ടായിരുന്നില്ല. അതോടൊപ്പം വിഷമില്ലാത്ത അരിയും നാടിന് സംഭാവന ചെയ്തു.
അനാരോഗ്യം മൂലം വലഞ്ഞപ്പോൾ മകൻ ധ്യാൻ ശ്രീനിവാസൻ അച്ഛന്റെ കൃഷി പാരമ്പര്യം ഏറ്റെടുത്തു. കൃഷിയെക്കുറിച്ച് പഠിക്കുവാനും കൃഷിയിടം കാണുവാനും പല നാടുകളിൽ നിന്ന് സന്ദർശകർ എത്തി. സിനിമാതാരത്തെ കാണുവാനല്ല, മറിച്ച് മികച്ച കർഷകനെ ആദരിക്കാൻ എത്തിയതായിരുന്നു മിക്കവരും. ശ്രീനിയുടെയും കണ്ടനാടിന്റെയും കൃഷിയെ കണ്ടറിഞ്ഞ് ഓരോരുത്തരും മനസുനിറഞ്ഞ് മടങ്ങി. മലയാള സിനിമാലോകത്തെ പ്രതിഭ മാത്രമായിരുന്നില്ല ശ്രീനിവാസൻ, കൃഷിയെയും ഗ്രാമ ജീവിതത്തെയും സ്നേഹിച്ച പച്ച മനുഷ്യൻ കൂടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |