കൊച്ചി: വർഷമൊന്ന് നീണ്ട കാത്തിരിപ്പിനൊടുവിൽ ചേച്ചിയുടെ ഹൃദയം മാറ്റിവച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് അക്ഷമനായി കാത്തിരിക്കുകയാണ് അനുജൻ തിലക് കാമി. ജനറൽ ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് പുറത്തുള്ള കൂട്ടിരിപ്പുകാരുടെ മുറിയിലാണ് തിലകുള്ളത്.
അതീവസുരക്ഷയോടെ ഐ.സി.യുവിൽ 21കാരി ദുർഗ കാമിയുണ്ട്. തിങ്കളാഴ്ച കൊല്ലം സ്വദേശി 47കാരൻ ഷിബുവിൽ നിന്ന് സ്വീകരിച്ച ഹൃദയത്തിന്റെ മിടിപ്പിൽ. ശസ്ത്രക്രിയ പൂർത്തിയായതിനുശേഷം അന്ന് രാത്രിയിൽ തിലക് ഡോക്ടർമാരുടെ അനുവാദത്തോടെ ചേച്ചിയെ കണ്ടു. അതും മാസ്‌ക് ധരിച്ച് ദൂരെ മാറിനിന്ന്.
ഹൃദയം ലഭിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുമ്പോഴും അവന് പറയാൻ ഒരൊറ്റ കാര്യം മാത്രം സഹോദരിയോട് മിണ്ടണം, അവളുടെ അടുത്ത് പോകണം. ഹൃദയമാറ്റം കഴിഞ്ഞ് 72 മണിക്കൂർ നിർണായകമായതിനാൽ അതിനുശേഷം മാത്രമേ തിലകിന് ദുർഗയോട് മിണ്ടാനാകൂ. അതും വളരെ ചുരുങ്ങിയ സമയം മാത്രം.
തിലകിനുള്ള ഭക്ഷണം ഉൾപ്പെടെ ആശുപത്രി അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ആവർത്തിച്ച് ചോദിക്കുമ്പോഴും ചെറുചിരിയോടെ തിലക് ഇങ്ങനെ പറയും കേരളത്തോട് നന്ദി...ഒപ്പം നിന്നവരോട് നന്ദി...നിങ്ങളെല്ലാം ഞങ്ങളുടെ മനസിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |