
കൊച്ചി: സൗഹൃദം നടിച്ച് പണം തട്ടിയ സംഭവത്തിൽ സസ്‌പെൻഷനിലായ എ.എസ്.ഐയുടെ പരാതിയിൽ തട്ടിപ്പിന് ഇരയായ 45കാരിക്കും ഭർത്താവിനുമെതിരെ കേസെടുത്ത് പൊലീസ്. വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നും കൂടുതൽ തുക ആവശ്യപ്പെട്ടെന്നുമാണ് പരാതി. കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആലപ്പുഴ അരൂരിൽ സ്റ്റേഷനിൽ എ.എസ്.ഐ ആയിരിക്കെയാണ് കടവന്ത്ര സ്വദേശിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ (50) സസ്‌പെൻഷനിലാകുന്നത്. സൗഹൃദം നടിച്ച് 14 ലക്ഷം രൂപ തട്ടിയെന്നായിരുന്നു ആ കേസ്.
എന്നാൽ 2023 മുതൽ 45കാരിയുമായി സൗഹൃദത്തിലായിരുന്നെന്നും ഇതിനിടെ വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി 3.80 ലക്ഷം രൂപ കൈക്കലാക്കിയെന്നും പിന്നീട് 14 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെന്നുമാണ് എ.എസ്.ഐയുടെ പരാതിയിൽ പറയുന്നത്. പണം നൽകാതിരുന്നാൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2014 മേയിലാണ് സൗഹൃദം നടിച്ച് പൊലീസുകാരൻ പണം തട്ടിയെടുത്തെന്ന് പരാതി ഉയരുന്നത്. വീട്ടിലെ പ്രാരാബ്ധം പറഞ്ഞ് പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കി, മകന്റെയും ഭാര്യയുടെയും ചികിത്സയ്ക്കെന്ന പേരിലും മറ്റും 14 ലക്ഷം രൂപ എ.എസ്.ഐ ഒരു വർഷം കൊണ്ട് തട്ടിയെടുത്തതെന്നായിരുന്നു കേസ്. പണം നൽകിയതിന്റെ രേഖകൾ ഉൾപ്പെടെ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയതിന് പിന്നാലെയാണ് എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. അരൂർ പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരി പിന്നീട് ആരോപിച്ചിരുന്നു. തുടർന്നാണ് ഇവർ എറണാകുളം സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എ.എസ്.ഐക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. 14 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എ.എസ്.ഐ എഴുതി ഒപ്പിട്ടുനൽകിയെന്നാണ് അന്ന് 45കാരി പറഞ്ഞിരുന്നത്. എന്നാൽ പണം വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അന്നും എ.എസ്.ഐ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |