കൊച്ചി: മുള ഉത്പന്നങ്ങളുടെ വൈവിദ്ധ്യംകൊണ്ട് വിസ്മയിപ്പിക്കുകയാണ് എറണാകുളം കലൂർ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ച ബാംബൂ ഫെസ്റ്റ്. കളിപ്പാട്ടങ്ങൾ, ഇലക്ട്രിക് ഉപകരണ ഫിറ്റിംഗുകൾ, മുളയരി വിഭവങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിലുണ്ട്. മുളയുടെ ചീന്തുകളിൽ നിറം ചാർത്തി സുന്ദരമാക്കിയ പൂക്കൾക്ക് ആവശ്യക്കാരേറെ. പതിവുപോലെ ഗൃഹോപകരണങ്ങളും ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ട്.
വ്യവസായ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ തെലങ്കാന, അസാം, നാഗാലൻഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഏറെ ആകർഷകമാണ്. അന്താരാഷ്ട്ര സാന്നിദ്ധ്യമായ ഭൂട്ടാന്റെ സ്റ്റാളും ഏറെ ആകർഷകം. തൊപ്പി, ബാഗ്, പഴ്‌സ് തുടങ്ങിയവയുടെ വ്യത്യസ്തമാർന്ന ശൈലികൾ ഇവിടെ കാണാം.
മുളയരിയും ഉത്പന്നങ്ങളും വിഭവങ്ങളും ഏറെ വിശിഷ്ടമാണ്. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്‌കറ്റ് എന്നിങ്ങനെ വിവിധ വിഭവങ്ങൾ മേളയിലുണ്ട്. മുളയരി പായസം കഴിക്കാൻ വലിയ തിരക്കാണ്. മുളയിൽ തീർത്ത സംഗീതോപകരണങ്ങൾക്ക് മാത്രമായി സ്റ്റാളുമുണ്ട്. ഡിസംബർ 31 വരെ രാവിലെ 10.30 മുതൽ രാത്രി 8.30 വരെയും ജനുവരി ഒന്നിന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുമാണ് സമയക്രമം. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |