കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ കളിക്കളം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നൽകാനുള്ള നീക്കം പാളും. എതിർപ്പുകളും പരാതികളും ശക്തമാകുന്നതും ചാൻസലറായ ഗവർണർ വിശ്വനാഥ ആർലേക്കറുടെ നിലപാടും പാട്ടനീക്കത്തിന് തിരിച്ചടിയാണ്. ചട്ട പ്രകാരം ഗവർണർക്ക് സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാം.
സർവകലാശാലാ ആസ്ഥാനത്തെ ആറ് ഏക്കർ ഭൂമിയാണ് 33 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ശ്രമിക്കുന്നത്. ഡിസംബർ 19ലെ സിൻഡിക്കേറ്റ് യോഗം നാല് അംഗങ്ങളുടെ എതിർപ്പിനെ മറികടന്ന് ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലിന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി എസ്. വിനോദ് കുമാറും അടങ്ങുന്ന സംഘം വി.സി പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റംഗങ്ങളുമായും ചർച്ച നടത്തിയിരുന്നു.
ഭൂമി നഷ്ടപ്പെടില്ലെന്നും കെ.സി.എയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമേയുള്ളെന്നുമാണ് സർവകലാശാലാ നിലപാട്. സർവകലാശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് സ്പോർട്ട്സ് പദ്ധതിയെന്നും കോടികളുടെ വെട്ടിപ്പിനുള്ള വൻ ഗൂഢാലോചന പിന്നിലുണ്ടെന്നും ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റിയാണ് നീക്കത്തിനെരെ രംഗത്തെത്തിയത്. ഇവർ ഗവർണർക്ക് പരാതിയും നൽകിയിട്ടുണ്ട്.
കെ.സി.എ സ്റ്റേഡിയം പദ്ധതി
ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ ഗ്രൗണ്ട് ഇൻഡോർ - ഔട്ട്ഡോർ പരിശീലന നെറ്റുകൾ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് ഫിറ്റ്നസ് സെന്റർ പവലിയൻ 1000 പേരുടെ ഗാലറി 100 ബെഡ് സ്പോർട്സ് ഹോസ്റ്റൽപാർക്കിംഗ് ഡ്രെയിനേജ് മഴവെള്ള സംഭരണി.
നിർദിഷ്ട വ്യവസ്ഥകൾ
ക്രിക്കറ്റ് ഗ്രൗണ്ട് കെ.സി.എ ടൂർണമെന്റുകൾക്ക് ഉപയോഗിക്കും
ഫുട്ബാൾ ഗ്രൗണ്ടും അത്‌ലറ്റിക് ട്രാക്കും സർവകലാശാലയുടെ നിയന്ത്രണത്തിൽ
സ്റ്റേഡിയം വിനിയോഗ അവകാശം നാല് സർവകലാശാല, മൂന്ന് കെ.സി.എ പ്രതിനിധികളുടെ കമ്മിറ്റി നിശ്ചയിക്കും.
ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലും കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച് കൈമാറും.
ഭൂമി വിൽക്കുകയോ കൈമാറുകയോ പണയം വയ്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യില്ല.
വി.സിയേയും സിൻഡിക്കേറ്റ്
അംഗങ്ങളെയും അയോഗ്യരാക്കണം
സംസ്കൃത സർവ്വകലാശാല റിയൽ എസ്റ്റേറ്റ് മാഫിയയുടെ കെണിയിൽ പെട്ടതിന്റെ തെളിവാണ് സ്റ്റേഡിയ നിർമ്മാണത്തിന് സ്വകാര്യ ഏജൻസിക്ക് ഭൂമി കൈമാറാനുള്ള നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. കായിക പഠനം സർവകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങളിൽപ്പെടുന്നില്ല. കേരള സർവകലാശാല ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനായി സർക്കാരിന്റെ അംഗീകാരത്തോടെ അനുവദിച്ച ഭൂമിയിൽ സ്വകാര്യ വ്യക്തികൾ സ്റ്റേഡിയത്തിന് പുറമെ റസ്റ്റോറന്റുകളും സിനിമ തിയേറ്ററുകളും ഓഫീസ് സ്ഥാപനങ്ങളും നടത്തുകയാണ്. 87 കോടി രൂപ കേരള സർവകലാശാലയ്ക്ക് നൽകാനുണ്ട്. സമാന ലക്ഷ്യമാണ് കാലടിയിലെ ക്രിക്കറ്റ് സ്റ്റേഡിയ നിർമ്മാണ കരാറിന് പിന്നിലെന്നും ചെയർമാൻ ആർ.എസ്. ശശികുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.
ധാരണാപത്രത്തിൽ കൂടിയാലോചന തുടങ്ങിയിട്ടില്ല. പദ്ധതി ചെലവോ സർവകലാശാലയ്ക്ക് ലഭിക്കാവുന്ന വരുമാനമോ സംബന്ധിച്ച് ഒരു ധാരണയിലും എത്തിയിട്ടില്ല. പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നത്.
പ്രൊഫ. കെ. കെ. ഗീതാകുമാരി
വൈസ് ചാൻസലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |